KERALA
ഇടതു മുന്നണിയുടേത് അക്കൊമഡേഷന്‍ രാഷ്ട്രീയമല്ലെന്ന് എം.എ.ബേബി . തിരഞ്ഞെടുപ്പ് കാലത്ത് കെ.സുധാകരന്‍ ഇടതുമുന്നണിയുടെ ജോലി കുറക്കും

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ സിപിഎം ഇളവ് നല്‍കുന്നത് പ്രാദേശിക ഘടകങ്ങള്‍ പരിഗണിച്ചെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. മാനദണ്ഡം പറഞ്ഞശേഷം എല്ലാവര്‍ക്കും ഇളവ് നല്‍കില്ല. ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ ശബരിമല പ്രശ്നത്തിലുണ്ടാകുന്ന സുപ്രീംകോടതി വിധി സംബന്ധിച്ച് പ്രതിപക്ഷവുമായി ചര്‍ച്ച നടത്തുമെന്നും എം.എ.ബേബി പറഞ്ഞു.
തുടര്‍ച്ചയായി രണ്ടുതവണ വിജയിച്ചവരെയും ലോക്സഭാതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരെയും ഒഴിവാക്കാനുള്ള തീരുമാനം സിപിഎം കര്‍ശനമായി നടപ്പാക്കുമെന്ന സൂചനയാണ് എം.എ.ബേബിയുടെ വാക്കുകളില്‍. യുഡിഎഫിന്‍റേതുപോലെ അക്കൊമഡേഷന്‍ രാഷ്ട്രീയമല്ല ഇടതുമുന്നണിയുടേത്.ഭരണത്തുടര്‍ച്ചയ്ക്കാണ് പ്രഥമപരിഗണന. അതിനുതകുന്ന സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കും. ആവശ്യമെങ്കില്‍ മാത്രമാകും ഇളവ്. താന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നും എം.എ.ബേബി വ്യക്തമാക്കി.
മുന്നണിയില്‍ പുതുതായെത്തിയ പാര്‍ട്ടികള്‍ക്കായി സിപിഎം അടക്കം എല്ലാ ഘടകകക്ഷികളും സീറ്റ് വിട്ടുകൊടുക്കേണ്ടിവരും. സങ്കുചിതരാഷ്ട്രീയത്തിന്‍റെ ഭാഗമായി ശബരിമലയെ ദുരുപയോഗിക്കുകയാണ് യുഡിഎഫ് എന്നും എ.എ.ബേബി പറഞ്ഞു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസില്‍ വേണമെങ്കില്‍ യുഡിഎഫിന് കക്ഷിചേരാം. വനാഴിയിലെ അമ്പുകള്‍ ഉപയോഗശൂന്യമായതിനാലാണ് യുഡിഎഫ് ശബരിമല പ്രയോഗിക്കുന്നത്.
ആര്‍.എസ്.എസ്, ജമാ അത്തെ ഇസ്ലാമി തുടങ്ങിയ മതരാഷ്ട്രവാദികളെ രാഷ്ട്രീയരംഗത്തുനിന്ന് തൊടാപ്പാടകലെ നീക്കിനിര്‍ത്തണം. ഇക്കാര്യം മേഖലാ ജാഥയില്‍ സിപിഎം ഉന്നയിക്കും. ഇതു പറയുന്നത് കോണ്‍ഗ്രസിനും ലീഗിനും കൊള്ളുമെന്നും എം.എ.ബേബി പറഞ്ഞു.
അതേസമയം, കെ.സുധാകരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അച്ചടക്കം പഠിപ്പിക്കണമെന്ന് സിപിഎം പി.ബി. അംഗം എം.എ.ബേബി. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ ജാതിപറഞ്ഞുള്ള പരാമര്‍ശം ഇന്നത്തെ കോണ്‍ഗ്രസിന്‍റെ സംസ്കാരത്തെയാണ് കാണിക്കുന്നത്.
സുധാകരന്‍റെ പരാമര്‍ശങ്ങളോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കണം. താന്‍ തൊഴിലാളിയുടെ മകനാണെന്നതില്‍ അഭിമാനിക്കുന്നയാളാണ് പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് കാലത്ത് കെ.സുധാകരന്‍ ഇടതുമുന്നണിയുടെ ജോലി കുറയ്ക്കുമെന്നും ബേബി പറഞ്ഞു.