NATIONAL
നാലാം തവണയും അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
മുംബൈ: തുടർച്ചയായി നാലാം തവണയും അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്കിന്‍റെ വായ്പാ പുനരവലോകന നയപ്രഖ്യാപനം. റിപ്പോ നിരക്ക് നാലു ശതമാനമായി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. കേന്ദ്ര ബാങ്കിന്‍റെ ധനനയ സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല. 3.35 ശതമാനമാണ് ഈ നിരക്ക്. കേന്ദ്ര ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ സ്വീകരിക്കുന്ന ഹ്രസ്വകാല വായ്പകൾക്കുള്ള പലിശ നിരക്കാണു റിപ്പോ. വാണിജ്യ ബാങ്കുകളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്കു കേന്ദ്ര ബാങ്ക് നൽകുന്ന പലിശ റിവേഴ്സ് റിപ്പോയും. മാർച്ച് 2020 മുതൽ ഇതുവരെ കേന്ദ്ര ബാങ്ക് 1.15 ശതമാനം റിപ്പോ നിരക്ക് കുറച്ചിട്ടുണ്ട്. കേന്ദ്ര ബാങ്കിന്‍റെ പലിശ കുറഞ്ഞാൽ അതിനനുസരിച്ച് വാണിജ്യ ബാങ്കുകൾ ഇടപാടുകാർക്കു നൽകുന്ന വായ്പകളുടെ പലിശയും കുറയാവുന്നതാണ്. ഇതു കൂടുതൽ പണമൊഴുക്കിനും സാമ്പത്തിക വളർച്ചയുടെ പ്രോത്സാഹനത്തിനും ഇട നൽകും. ആർബിഐ ഇപ്പോഴും വളർച്ചയെ പിന്തുണയ്ക്കുകയാണെന്നും ആവശ്യം വന്നാൽ ഇനിയും പലിശ കുറയ്ക്കുമെന്നും ശക്തികാന്ത ദാസ് പറഞ്ഞു. കഴിഞ്ഞ വർഷം മേയ് 22നാണ് അവസാനമായി കേന്ദ്ര ബാങ്ക് റിപ്പോ കുറച്ചത്. അതിനുശേഷം നാലു തവണ തുടർച്ചയായി ഈ നിരക്ക് അതേപടി നിലനിർത്തി.
