KERALA
മാറാത്തത് മാറുമെന്ന് മോദി : തിരുവനന്തപുരം പിടിച്ച ബി ജെ പി കേരളത്തില്‍ മുന്നേറ്റം തുടരുമെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം : കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചു. എന്നാൽ ഇനി മാറ്റമുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ‘മാറാത്തത് ഇനി മാറും’ എന്ന് മലയാളത്തിൽ പറഞ്ഞ നരേന്ദ്രമോദി തിരുവനന്തപുരത്തെ വികസനത്തിലേക്ക് ബിജെപി നയിക്കുമെന്നും പറഞ്ഞു.
ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നതെന്ന് നരേന്ദ്ര മോദി പ്രവർത്തകരോടു പറഞ്ഞു. 1987നു മുൻപ് ഗുജറാത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങിയിരുന്ന പാർട്ടിയായിരുന്നു ബിജെപി. അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപി തുടങ്ങിയത്. അവിടെ ബിജെപി നടത്തിയ ഭരണം ജനം കണ്ടു, അവർ പിന്തുണ നൽകി. ഗുജറാത്തിലെ ഒരു പട്ടണത്തിൽ നിന്നും തുടങ്ങിയ ബിജെപിയുടെ ജൈത്രയാത്രയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു സമാനമായാണ് തിരുവനന്തപുരം പിടിച്ച് കേരളത്തില്‍ ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിത കേരളം രൂപീകരിക്കാനുള്ള ശരിയായ സമയമാണിത്. ഇതിനായി ഉറച്ച തീരുമാനം ആവശ്യമാണ്. കേരളത്തിൽ മാറ്റം കൊണ്ടുവരാനുള്ള സമയം ഇതാണെന്നും ബിജെപിക്ക് ഒപ്പം നിൽക്കാനും ജനങ്ങളോടു മോദി ആഹ്വാനം ചെയ്തു.
