Connect with us

KERALA

കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിൽ അതിനെ ഒഴിപ്പിക്കാനറിയാമെന്ന് മന്ത്രി ലിജു

Published

on

കായംകുളം: സർക്കാർ അറിയാതെ മൂന്ന് ബിയർ പാർലറുകൾക്ക് ബാർ ലൈസൻസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി എക്‌സൈസ് മന്ത്രി എം ലിജു. ബാർ ലൈസൻസിന് അനുവദിക്കാൻ ഡെപ്യൂട്ടി കമ്മീഷണർമാർക്ക് അധികാരം കൊടുത്തത് എൽഡിഎഫ് സർക്കാരാണ്. എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങൾ കാരണമുള്ള പ്രശ്‌നങ്ങളാണിത്. സർക്കാരോ മന്ത്രിയോ എക്‌സൈസ് കമ്മീഷണർ പോലും അറിയാതെ ലൈസൻസ് കൊടുക്കാനുള്ള നിയമമുണ്ട്. അതിനെ ഈ സർക്കാർ തിരുത്തും. കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ സർക്കാരിനറിയാമെന്ന് മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ലൈസൻസ് അനുവദിക്കാമെന്ന ചട്ടപ്രകാരം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 410 ബാറുകൾക്ക് ലൈസൻസ് ലഭിച്ചു. എഫ്.എൽ 3 ബാറുകളാക്കിക്കൊണ്ടുള്ള ലൈസൻസാണ് അത് ലഭിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 78 ബാറുകൾക്ക് അനുമതി ലഭിച്ചു. സ്റ്റാർ ക്ലാസിഫിക്കേഷൻ ഇല്ലെന്ന് പറഞ്ഞ് പൂട്ടിയ ബാറുകൾക്കാണ് പിന്നീട് ലൈസൻസ് ലഭിച്ചത്. ഇത്തരത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അഞ്ഞുറോളം ബാറുകൾക്കാണ് ലൈസൻസ് നൽകിയിരിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്തും ബാറിന് അപേക്ഷകൾ ലഭിച്ചു. നവംബർ 30നകം മദ്യനയം രൂപീകരിച്ച് തീരുമാനമെടുക്കാമെന്നാണ് സർക്കാർ നയം. ഇത് ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. 

നയപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ അറിയണം എന്ന് നിർദ്ദേശമുണ്ട്. പക്ഷെ ഉദ്യോഗസ്ഥർ അത് ലംഘിച്ചു. കഴിഞ്ഞ സർക്കാരിന്റെ പ്രേതം ഏതെങ്കിലും ഉദ്യോഗസ്ഥരിൽ ഉണ്ടെങ്കിൽ അത് ഒഴിപ്പിക്കും. ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading