Education
എം.ബി. രാജേഷിന്റെ ഭാര്യക്ക് അനധികൃതമായി നിയമനം നൽകാൻ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ഇന്റർവ്യൂ ബോർഡിന്റെ കത്ത് പുറത്ത്

തിരുവനന്തപുരം: കാലടി ശ്രീ ശങ്കര സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗത്തിൽ അസിസ്റ്റൻഡ് പ്രൊഫസർ തസ്തികയിലേയ്ക്കുള്ള നിയമനത്തിൽ ക്രമക്കേട് നടന്നതായി കാണിച്ച് ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ധർ വൈസ് ചാൻസലർക്ക് അയച്ച കത്ത് പുറത്തായി .ഡോ.ടി. പവിത്രൻ, ഡോ. ഉമർ തറമ്മേൽ, ഡോ.കെ.എം. ഭരതൻ. എന്നിവർ ചേർന്ന് എഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. സിപിഎം നേതാവ് എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അനധികൃതമായി നിയമനം നൽകാൻ റാങ്ക് പട്ടിക അട്ടിമറിച്ചു എന്ന ആരോപണത്തിനിടെയാണ് കത്ത് പുറത്ത് വന്നത്.
നിയമനവുമായ് ബന്ധപ്പെട്ട് ഇപ്പോൾ പ്രസിദ്ധീകരിച്ച പട്ടിക തങ്ങൾ തയ്യാറാക്കിയ റാങ്ക് പട്ടികയ്ക്ക് വിരുദ്ധമാണെന്നും അധ്യാപന പരിചയമോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഇല്ലാത്ത ഒരു ഉദ്യോഗാർഥിയ്ക്ക് നിയമനം നൽകാൻ തീരുമാനിച്ചത് തെറ്റായ നടപടിയാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. തന്റെ മുന്നിലുള്ള രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർഥികളെ മറികടന്നാണ് ഈ ഉദ്യോഗാർഥി പട്ടികയിൽ ഒന്നാമതായത്. സർവകലാശാല അധികാരികൾക്ക് ഇഷ്ടമുള്ളവർക്ക് നിയമനം നൽകാനായിരുന്നെങ്കിൽ വിഷയവിദഗ്ധരുടെ ആവശ്യമില്ലായിരുന്നെന്നും ഈ നടപടി സർവകലാശാലാ എത്തിക്സിന് വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
തങ്ങളെ മുന്നിൽ നിർത്തിയുള്ള ഈ തെറ്റായ നിയമനം തങ്ങളുടെ ധാർമികമായ ഉത്തരവാദിത്വത്തിനുമേൽ കരിനിഴൽ വീഴ്ത്തിയതായും സർവകലാശാലയുടെ സൽപ്പേരിനും അന്തസ്സിനും കളങ്കമേൽപ്പിച്ചതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് അനധികൃതമായ ഈ നിയമനം മരവിപ്പിച്ച് ഇന്റർവ്യൂ ബോർഡിന്റെ കൂട്ടായ തീരുമാനം നടപ്പിലാക്കണമെന്നും കത്തിൽ ഇവർ ആവശ്യപ്പെടുന്നു.