Education
ഭാര്യയുടെ നിയമനം രാഷ്ട്രീയവല്‍ക്കരിച്ചെന്ന് രാജേഷ്

പാലക്കാട് : കാലടി സര്‍വകലാശാലയിലെ നിയമന വിവാദത്തില്‍ വിഷയ വിദഗ്ധര്‍ക്കെതിരെ സിപിഎം നേതാവ് എംബി രാജേഷ്. വിഷയ വിദഗ്ധര്‍ ഉപജാപം നടത്തി. മൂന്നുപേരുടെ വ്യക്തിപരമായ താല്‍പ്പര്യത്തിലുണ്ടായ വിവാദമാണ്. ഭാര്യയുടെ നിയമനം രാഷ്ട്രീയവല്‍ക്കരിച്ചെന്നും രാജേഷ് ആരോപിച്ചു.
തന്റെ ഭാര്യ നിനിതക്കെതിരെ മൂന്നു തലത്തിലാണ് ഉപജാപം നടന്നത്. നിനിത ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാതിരിക്കാന്‍ ഉപജാപം നടന്നു. പിന്നെ അവരുടെ പിച്ച്ഡി ബിരുദത്തിനെതിരെയും പരാതി വന്നു. എന്നാല്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ പിഎച്ച്ഡി എടുത്തതാണെന്ന് തെളിഞ്ഞു.
പിഎച്ച്ഡിക്കെതിരെ കേസുണ്ട് എന്നായി അടുത്ത വാദം. എന്നാല്‍ അതും പൊളിഞ്ഞു. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുത്താന്‍ ഇന്റര്‍വ്യൂ ബോര്‍ഡിലും ശ്രമം നടന്നു. കൂടിയാലോചന നടന്നതായി അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ശ്രമം വിജയിക്കാതെ വന്നതോടെ 31 ന് രാത്രി മൂന്നുപേരും ഒരുമിച്ച് ഒപ്പിട്ട കത്ത് ഉദ്യോഗാര്‍ത്ഥിയായ നിനിതയ്ക്ക് ലഭ്യമാക്കിക്കൊടുത്തു.
മൂന്നാമതൊരാള്‍ മുഖേനയാണ് ഇത് നിനിതയ്ക്ക് കൈമാറിയത്. തുടര്‍ന്ന് ജോലിയില്‍ ജോയിന്‍ ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. പിന്മാറിയാല്‍ പ്രശ്‌നമില്ലെന്നും, അല്ലെങ്കില്‍ മാധ്യമങ്ങളില്‍ കൊടുത്ത് വിവാദമാക്കുമെന്നും പറഞ്ഞു. നിങ്ങളോട് വ്യക്തിപരമായ വിരോധമില്ലെന്നും ഇവര്‍ പറഞ്ഞു. കത്ത് കിട്ടി രണ്ടുമണിക്കൂറിനകം, ഈ കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിനിത സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ഇ മെയില്‍ അയച്ചിട്ടുണ്ട്.
ഇത്തരം ഭീഷണികളുടെ പശ്ചാത്തലത്തിലാണ്, അതിന് വഴങ്ങേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. മൂന്നാം തീയതി വൈകീട്ടാണ് ജോലിയില്‍ പ്രവേശിച്ചത്. നാലാം തീയതി പരസ്യപ്രതികരണം വന്നു. ഇന്റര്‍വ്യൂ ബോര്‍ഡിന് പരാതി ഉണ്ടെങ്കില്‍ ന്യായമായും പരാതി നല്‍കാം. എന്നാല്‍ ആ പരാതി എന്തിനാണ് ഉദ്യോഗാര്‍ത്ഥിക്ക് എത്തിച്ചു കൊടുക്കുന്നത്.
അവര്‍ അറിയാതെ എങ്ങനെയാണ് മൂന്നാമതൊരാള്‍ക്ക് കത്ത് കിട്ടിയത്. ഇതു കേട്ടുകേള്‍വിയുള്ള സംഭവമാണോ എന്നും രാജേഷ് ചോദിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡിലെ ഒരു പ്രമുഖന്റെ ഏറ്റവും വേണ്ടപ്പെട്ടയാള്‍ക്ക് വേണ്ടിയാണ് ഈ ഉപജാപം നടത്തിയത്.
അവര്‍ക്ക് സ്ഥാപിത താല്‍പ്പര്യം ഇല്ലെങ്കില്‍ അവര്‍ അത് തെളിയിക്കട്ടെ എന്നും എംബി രാജേഷ് പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ പേരിലല്ല അവര്‍ ഇടപെട്ടതെന്നും, വ്യക്തി താല്‍പ്പര്യമാണ് ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ പരാതിയുടെ പിന്നിലെന്നും രാജേഷ് വ്യക്തമാക്കി.