NATIONAL
ശരദ് പവാറിനെ തിരുത്തിയ ബാരാമതിയുടെ അജിത് പവാർ
മുംബൈ : അജിത് പവാർ വിമാന അപകടത്തിൽ കൊല്ലപ്പെട്ട വാർത്ത മഹാരാഷ്ട്രയിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയത്. ‘മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22ന് ജനനം. 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായാണ് അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. മഹാരാഷ്ട്ര എഡ്യുക്കേഷൻ സൊസൈറ്റി ഹൈസ്കൂളിൽ നിന്ന് നേടിയ എസ്എസ്എൽസിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർപഠനത്തിനായി കോളജിൽ പോയെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.
1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെൻ്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം അദ്ദേഹം രാജിവച്ചു. 1991-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി. 2010-2012, 2012-2014, 2019-2022, 2023-2024, 2024-2026 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപ-മുഖ്യമന്ത്രിയായി. 2022-2023 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി.
