KERALA
പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്

പാലക്കാട്: പിന്‍വാതില്‍ നിയമനങ്ങളുടെ കുംഭമേളയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തിനിടയില്‍ മൂന്നുലക്ഷം പിന്‍വാതില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു
പിഎസ്‌സി റാങ്ക് ലിസ്റ്റിലുളള ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കാതെ പിന്‍വാതില്‍ വഴി കരാര്‍ നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി നിയമനങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷമായി നടന്നു കൊണ്ടിരിക്കുകയാണ്. ഇഷ്ടക്കാരേയും ബന്ധുക്കളെയും പാര്‍ട്ടിക്കാരേയും തിരുകിക്കയറ്റുന്ന നടപടിയാണ് കാണുന്നത്.
യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ അനധികൃത നിയമനത്തിനെതിരേ സമഗ്ര നിയ മനിര്‍മാണം കൊണ്ടുവരും. താല്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നടത്താവൂ. ചെന്നിത്തല പറഞ്ഞു.
കാലടി സര്‍വകലാശാലയിലെ നിയമനവിവാദത്തെ കുറിച്ചും ചെന്നിത്തല സംസാരിച്ചു. നിയമന വിവാദം ഉയര്‍ത്തിയ മൂന്ന് വിഷയ വിദഗ്ധര്‍ കോണ്‍ഗസ് അനുഭാവികളല്ല അവര്‍ ഇടത് അനുഭാവികളാണ്. എന്നാല്‍ സത്യം തുറന്നുപറയാന്‍ കാണിച്ചവരെ തേജോ വധം ചെയ്യുന്നത് പാര്‍ട്ടി ജീര്‍ണാവസ്ഥ നേരിടുന്നുവെന്നതിന്റെ തെളിവാണ്.
നേതാക്കള്‍ ഉയര്‍ത്തിയ ഉപജാപക സിദ്ധാന്തം അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് പാര്‍ട്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ ഇത്തരം അനധികൃത നിയമനങ്ങള്‍ പുനഃപരിശോധിക്കണം.
ശബരിമല വിശ്വാസികളെ മാറ്റി നിര്‍ത്തി മുന്നോട്ടുപോകാനാവില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ശബരിമല കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം അംഗീകരിച്ച് എല്‍ഡിഎഫ് നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ എം.വി.ഗോവിന്ദന്‍മാസ്റ്റര്‍ മുന്‍കൈ എടുക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.