Crime
നമ്മള്‍ ഇത് പിന്‍വാതിലിലൂടെ ചെയ്യുന്നതാണ്, അരുണിന് കാര്യം മനസിലായല്ലോ..! ഞാന്‍ നാല് പേര്‍ക്ക് ആരോഗ്യ കേരളത്തില്‍ ജോലി വാങ്ങി കൊടുത്തു, സരിത എസ് നായരുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് കേസില്‍ സരിത എസ്. നായരുടേതെന്ന് കരുതുന്ന ശബ്ദരേഖ പുറത്ത്. ആരോഗ്യ കേരളം പദ്ധതിയിൽ സരിത എസ് നായരുടെ ഒത്താശയോടെ നാല് പേർക്ക് ജോലി നൽകിയതായി സംഭാഷണത്തിൽ പറയുന്നു. പിൻവാതിൽ നിയമനത്തിൻ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും പങ്കുണ്ടെന്നും ശബ്ദരേഖയിലുണ്ട്.
ജോലി കിട്ടുന്നവരും കുടുംബവും പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ശബ്ദരേഖയില്‍ പറയുന്നു. പരാതിക്കാരനായ അരുണുമായി നടത്തിയ ശബ്ദ രേഖയാണ് പുറത്ത് വന്നത്.
‘നമ്മള്‍ ഇത് പിന്‍വാതിലിലൂടെ ചെയ്യുന്നതാണ്. അരുണിന് കാര്യം മനസിലായല്ലോ. പിന്‍വാതില്‍ നിയമനം സംബന്ധിച്ച് വാര്‍ത്തകള്‍ വരുന്നതിനാല്‍ വളരെ സൂക്ഷിച്ചാണ് ചെയ്യുന്നത്. ഓഫീസിലെ സ്റ്റാഫുകളില്‍ ഒരോ ദിവസം ഓരോരുത്തരാണ് വരുന്നത്. പിഎസ്‌സി എഴുതി കയറുകയല്ലല്ലോ. ഞാന്‍ നാല് പേര്‍ക്ക് ആരോഗ്യകേരളത്തില്‍ ജോലി വാങ്ങി കൊടുത്തു.
ഒരാള്‍ക്ക് ജോലി കൊടുക്കുമ്പോള്‍ അവരുടെ കുടുംബം മുഴുവന്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കുമെന്നാണ് അവരുടെ ധാരണ. അല്ലാതെ തുച്ഛമായ പണമാണ് അവര്‍ക്കും കൊടുക്കുന്നത്. പണം ഞാന്‍ അവസാനം മാത്രമെ വാങ്ങുകയുള്ളു.’ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.
പൊതുമേഖല സ്ഥാപനങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെന്നായിരുന്നു നെയ്യാറ്റികര സ്വദേശിയുടെ പരാതി. സരിതക്ക് പുറമേ ഇടനിലക്കാരായി പ്രവര്‍ത്തിച്ച ടി രതീഷ്, ഷാജു പാലിയോട് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ആദ്യം 10 ലക്ഷം രൂപയും പിന്നീട് 1 ലക്ഷം രൂപയും ഈ സംഘം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.
കേസെടുത്തതിന് പിന്നാലെ പരാതിക്കാരനെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു. ഇയാളെ കേസിലെ രണ്ടാം പ്രതിയായ ഷാജു പാലിയോട് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. സരിതക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ ഓഫീസിലെത്തി ചിലര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.