Connect with us

KERALA

ശബരിമല വിഷയത്തിൽ നിലപാട് മാറ്റി സി.പി.എം പുതിയ സത്യവാങ്മൂലം നല്‍കാൻ തയ്യാറെന്ന്

Published

on

തിരുവനന്തപുരം: ശബരിമലയിൽ സി.പി.എമ്മിന് മനം മാറ്റം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് സി.പി.എം പി.ബി അംഗം എം.എ.ബേബി വ്യക്തമാക്കി .

സുപ്രീംകോടതി ആവശ്യപ്പെട്ടാൽ സർക്കാർ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷം മാത്രമായിരിക്കും സത്യവാങ്മൂലം നൽകുകയെന്നും എം.എ.ബേബി പറഞ്ഞു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബേബി ഇക്കാര്യം പറഞ്ഞത്.

വിശ്വാസികളുടെ സമ്മർദ്ദം മൂലമല്ല സിപിഎം നിലപാട് മാറ്റുന്നതെന്നും ബേബി വ്യക്തമാക്കി. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ മുഴുവൻ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകൂ. എല്ലായിടത്തും സമത്വവും തുല്യതയും എന്ന നിലപാട് ഘട്ടം ഘട്ടമായിട്ടാകും സമൂഹത്തിൽ നടപ്പാക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശം ഒരിക്കൽകൂടി യു.ഡി.എഫ് തിരഞ്ഞെടുപ്പ് വിഷയമാക്കിയതു കൊണ്ടാണ് സി.പി.എം ഇപ്പോൾ നിലപാട് മാറ്റിയത്. ശബരിമലവിധി മറികടക്കാൻ നിയമനിർമാണം നടത്തുമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് യു.ഡി.എഫ്. ശബരിമല പ്രശ്നം വീണ്ടും പ്രചാരണായുധമാക്കുന്നത്.

2006-ലാണ് ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ’ എന്ന സംഘടന, സെക്രട്ടറി ഭക്തി പസ്രീജ സേത്തി മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. ആർത്തവകാലത്ത് യുവതികൾക്ക് ക്ഷേത്രപ്രവേശനം വിലക്കാൻ നിയമപിൻബലം നൽകുന്ന കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനചട്ടത്തിലെ മൂന്നാം (ബി) വകുപ്പ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം.

2007-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ യുവതീപ്രവേശനത്തിന് അനുകൂലനിലപാടുമായി സത്യവാങ്മൂലം നൽകിയതാണ് ശബരിമല കേസിലെ ആദ്യ വഴിത്തിരിവ്. ഒരേമതത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു. ഈ വിഷയം പഠിക്കാൻ കമ്മിഷനെ വെക്കണമെന്നും യുവതികൾക്ക് മാത്രമായി പ്രത്യേക സീസൺ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും അതിൽ വ്യക്തമാക്കി. 2016-ൽ കേസ് സുപ്രീംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനുമുന്നിലെത്തി.

2016-ൽ സുപ്രീംകോടതിയിൽ ഉമ്മൻചാണ്ടി സർക്കാർ വി.എസ്. സർക്കാരിന്റെ നിലപാടിൽനിന്ന് പിൻവാങ്ങി. ശബരിമലയിൽ യുവതീപ്രവേശം ആവശ്യമില്ലെന്നും തത്സ്ഥിതി തുടരണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ്. സർക്കാർ സത്യവാങ്മൂലം നൽകി. സംസ്ഥാനസർക്കാരിന്റെ നിലപാട് മാറ്റത്തെ കോടതി വാക്കാൽ ചോദ്യംചെയ്തു. പിന്നീട് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന് ദേവസ്വംബോർഡിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടു. കേസ് അഞ്ചംഗ ബെഞ്ചിലെത്തി.

കേസ് ഭരണഘടനാ ബെഞ്ചിലെത്തിയപ്പോൾ കേരളത്തിൽ പിണറായി വിജയന്റെ ഇടതുസർക്കാർ അധികാരത്തിലെത്തിയിരുന്നു. ഇതോടെ, സംസ്ഥാനസർക്കാർ വീണ്ടും നിലപാട് മാറ്റി. യുവതീപ്രവേശത്തെ അനുകൂലിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു.

Continue Reading