Connect with us

KERALA

ഹൈക്കമാൻഡ് സുധാകരന് മുന്നിൽ കീഴടങ്ങി :, സുധാകരന് കണ്ണൂരിൽ സീറ്റ് നൽകും

Published

on

 ന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനെ ചൊല്ലി കോൺഗ്രസ് ഹൈക്കമാൻഡും കെ. സുധാകരനും തമ്മിൽ നിലനിന്നിരുന്ന തർക്കത്തിൽ ഒടുവിൽ ഹൈക്കമാൻഡ് വഴങ്ങി. സീറ്റ് വിഭജനത്തിൽ സുധാകരന്റെ കടുംപിടുത്തത്തിന് മുന്നിൽ നേതൃത്വം മുട്ടുമടക്കിയതോടെ കണ്ണൂരിൽ സുധാകരൻ മത്സരത്തിനിറങ്ങുമെന്ന് ഉറപ്പായി. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ നടന്ന നാടകീയമായ നീക്കങ്ങളാണ് ഹൈക്കമാൻഡിനെ മുൻ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പ്രേരിപ്പിച്ചത്.

ഡൽഹിയിലെത്തിയ ശേഷം തന്നെ ചർച്ചകളിൽ തഴയുന്നതിൽ സുധാകരൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെ എട്ടു മണിയോടെ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് സാഹചര്യം വഷളായത്. തുടക്കത്തിൽ ഇതൊരു വെറും സമ്മർദ്ദ തന്ത്രം മാത്രമായി ഹൈക്കമാൻഡ് കണക്കിലെടുത്തിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു.

പ്രശ്നപരിഹാരത്തിനായി സുധാകരൻ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.സി. വേണുഗോപാൽ എന്നിവരുമായി ടെലഫോണിൽ ബന്ധപ്പെട്ടു. കണ്ണൂരിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് കെ.സി. വേണുഗോപാലിനോട് ആരാഞ്ഞ സുധാകരന്, സ്ക്രീനിങ് കമ്മിറ്റി എടുത്ത തീരുമാനം അനുകൂലമല്ലെന്ന സൂചനയാണ് ലഭിച്ചത്. ഉടൻ തന്നെ “ശരി, നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി, ഓക്കേ ഗുഡ് ബൈ” എന്ന് പറഞ്ഞ് സുധാകരൻ ഫോൺ സംഭാഷണം അവസാനിപ്പിച്ചു. ഈ ഒരൊറ്റ ‘ഗുഡ് ബൈ’ സന്ദേശം ഹൈക്കമാൻഡിനെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചു.

സുധാകരന്റെ ഭാഗത്തുനിന്നുള്ള കടുത്ത നീക്കം മുന്നിൽക്കണ്ട് രമേശ് ചെന്നിത്തല ഉടൻ തന്നെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തി. സുധാകരനെ സ്ഥാനാർഥിയാക്കിയില്ലെങ്കിൽ അദ്ദേഹം എം.പി. സ്ഥാനം രാജിവെച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചന നേതാക്കൾ ഗൗരവത്തോടെയാണ് കണ്ടത്. ഇത് ലോക്സഭയിൽ പാർട്ടിയുടെ അംഗബലം കുറയ്ക്കുമെന്നും കേരളത്തിൽ യുഡിഎഫിന്റെ മൊത്തത്തിലുള്ള വിജയസാധ്യതയെ തന്നെ ബാധിക്കുമെന്നും ചെന്നിത്തല നേതൃത്വത്തെ ബോധ്യപ്പെടുത്തി. കൂടാതെ മുതിർന്ന നേതാവായ എ.കെ ആന്റണിയും ഇടപെട്ടു. സുധാകരനിലൂടെ ജനപ്രിയനായ ഒരു വിമത നേതാവ് ജനിക്കുന്നത് പാർട്ടിയെ തകർക്കുമെന്ന് അവർ വാദിച്ചു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ ജനപിന്തുണയും പാർട്ടിക്കുള്ളിലെ സ്വാധീനവും കണക്കിലെടുത്ത് ഹൈക്കമാൻഡ് ഒരു പുനർവിചിന്തനത്തിന് തയ്യാറായത്.

നിലവിൽ ആധികാരികമായ വിവരങ്ങൾ പ്രകാരം കണ്ണൂർ സീറ്റിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് സുധാകരന് അനുകൂലമായി തീരുമാനം എടുക്കാൻ പോകുകയാണ്. കെ. സുധാകരൻ വിളിച്ചുചേർക്കാനിരുന്ന വാർത്താ സമ്മേളനം പിൻവലിച്ചതായി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading