Connect with us

KERALA

പോറ്റിയേ കേറ്റിയേ’ പാട്ടുപാടി പ്രചാരണം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Published

on

പത്തനംതിട്ട: ‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടുപാടി പ്രചാരണം നടത്തിയ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. പത്തനംതിട്ട റാന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി പഴകുളം മധുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പാരഡി പാട്ടിനെതിരെ മുൻപ് പരാതി നൽകിയ തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതി നൽകിയിരിക്കുന്നത്.

റാന്നി മണ്ഡലത്തിലാണ് ശബരിമല ഉൾപ്പെടുന്നത്. പാര‌ഡി പാട്ടുപാടി പ്രചാരണം നടത്തുന്നത് തെറ്റാണെന്ന്ചൂണ്ടിക്കാട്ടി തിരുവാഭരണ പാത സംരക്ഷണ സമിതി നേരത്തെ രംഗത്തുവന്നിരുന്നു. പാരഡി പാട്ടിനെതിരെ നേരത്തെ നൽകിയ കേസിൽ നിന്ന് പിന്മാറിയിട്ടില്ലെന്നും ശക്തമായി മുന്നോട്ടുപോവുകയാണെന്നും പ്രസാദ് കുഴിക്കാല മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
പാട്ടെഴുതിയ ഖത്തറിൽ ജോലി ചെയ്യുന്ന നാദാപുരം ചാലപ്പുറം സ്വദേശി ജി പി കുഞ്ഞബ്ദുള്ള, സംഗീതം നൽകിയ കോഴിക്കോട് സ്വദേശി ഹനീഫ, പാടിയ ഡാനിഷ് കൂട്ടിലങ്ങാടി തുടങ്ങിയവരെ പ്രതിയാക്കി തിരുവനന്തപുരം സൈബർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയതെന്നും ചൂണ്ടിക്കാട്ടി തിരുവാഭരണപാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല നൽകിയ പരാതി സൈബർ ഓപ്പറേഷൻസ് വിഭാഗത്തിന് കൈമാറിയിരുന്നു. പ്രാഥമിക പരിശോധനയിൽ കേസെടുക്കാമെന്നാണ് കണ്ടെത്തിയതോടെയാണ് പരാതി സൈബർ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയത്. ഗാനം തദ്ദേശ തിരഞ്ഞെടുപ്പിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Continue Reading