KERALA
സ്ഫോടനത്തിൽ പരിക്കേറ്റ് 11 പേർ ചികിത്സയിലെന്ന് കളക്ടർ. 5 പേരുടെ നില ഗുരുതരമായി തുടരുന്നു
തൃശ്ശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ് 11 പേർ ചികിത്സയിലെന്ന് കളക്ടർ. 5 പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ വെന്റിലേറ്ററിലാണുള്ളത്. ആറു പേരുടെ നില തൃപ്തികരമാണെന്നും മൂന്ന് മൃതദേഹങ്ങൾ വിട്ടുനൽകിയതായും കളക്ടർ അറിയിച്ചു. അഞ്ചു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞങ്കിലും രണ്ടു പേരുടെ കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഈ രണ്ടു മൃതദേഹത്തിന്റ ഡിഎൻഎ പരിശോധന നടത്തുമെന്നും കളക്ടർ പറഞ്ഞു. ഒരാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
പാലക്കാട്, എറണാകുളം മെഡിക്കൽ കോളേജുകളിൽ നിന്നും ഡോക്ടർമാർ എത്തിയിട്ടുണ്ട്. ആകെ 14പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ടുപേർ ഡിസ്ചാർജ് ആയെന്നും ഒരാൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറിയെന്നും കളക്ടർ മാധ്യമങ്ങളോട് വിശദമാക്കി. കൊളത്തൂർ സ്വദേശി സുബ്രമണ്യന്റെ മൃതദേഹമാണ് സംശയമുള്ളതിൽ ഒന്ന്. സുബ്രമണ്യന്റെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞു. ഇത് വിഷ്‌ണു എന്നയാളുട മൃതദേഹം ആണെന്ന് പറഞ്ഞു വിഷ്ണുവിന്റെ ബന്ധുവും വന്നു. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം.
അതിനിടെ തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ഗിരീഷ് കുമാർ പറഞ്ഞു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്. അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ഗിരീഷ് കുമാർ പറഞ്ഞു. അപകടത്തിൽ അട്ടിമറിയില്ലെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.
