KERALA
ഇന്ദിരാഭവനിൽ എംഎൽഎമാരുമായി എ ഐ സി സി നിരീക്ഷകരുടെ കൂടിക്കാഴ്ച
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിരീക്ഷകർ കെപിസിസി ആസ്ഥാനത്തെത്തി. മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഇന്ദിരാഭവനിലെത്തിയത്. മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ‘കാത്തിരിക്കൂ’ എന്നായിരുന്നു അജയ് മാക്കന്റെ മറുപടി. നിയുക്ത എംഎൽഎമാരുടെ പ്രതികരണം തേടട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ 63 നിയുക്ത എംഎൽഎമാരും വ്യാഴാഴ്ച ഇന്ദിരാഭവനിലെത്തുന്നുണ്ട്. ഇതിൽ ഭൂരിഭാഗം പേരും 11 മണിയോടെ ഓഫീസിലെത്തി. സംസ്ഥാനത്തെ കോൺഗ്രസ് എംപിമാരും വൈകാതെ എത്തും. മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് ഓരോ നിയുക്ത എംഎൽഎമാരുമായും കേന്ദ്ര നിരീക്ഷകർ കൂടിക്കാഴ്ച നടത്തി അഭിപ്രായം സ്വീകരിക്കും. ഇതിനുശേഷം തീരുമാനത്തിലെത്തുമെന്നാണ് കരുതുന്നത്.
വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. മൂവർക്കുമായി കോൺഗ്രസിൽ ഇതിനോടകം ചേരിതിരിഞ്ഞുള്ള അവകാശവാദങ്ങളും ആരംഭിച്ചിട്ടുണ്ട്. മൂവരുടെയും പേരിൽ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ബോർഡുകളും ഉയർന്നു. .
അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയെന്നും വിവരമുണ്ട്. കെ.സി. മുഖ്യമന്ത്രിയാകണമെന്ന് കെപിസിസി വക്താവ് അനിൽ ബോസും പ്രതികരിച്ചു. അമ്പതിലേറെ എംഎൽഎമാരുടെ പിന്തുണ കെസിയ്ക്കുണ്ടെന്നാണ് അനിൽ ബോസിന്റെ അവകാശവാദം. എന്നാൽ, കോൺഗ്രസിൽ ഒരു സതീശൻ മാത്രമല്ല ഉള്ളതെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഒരുപാട് സതീശന്മാരുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തുന്ന ഹൈക്കമാൻഡ് നിരീക്ഷകർ യുഡിഎഫിലെ ഘടകകക്ഷികളിൽനിന്നും അഭിപ്രായം തേടുമെന്നാണ് വിവരം. മുസ്‌ലിംലീഗ്, കേരള കോൺഗ്രസ് എന്നിവരടക്കമുള്ള പാർട്ടികളുടെ നിലപാടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ നിർണായകമാവും.
തിരഞ്ഞെടുപ്പ് നയിച്ച വി.ഡി. സതീശൻ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ ആവശ്യം. പൊതുസമൂഹവും ഇതാണ് ആഗ്രഹിക്കുന്നതെന്നും ഇവർ പറയുന്നു. സതീശനെ പരിഗണിച്ചില്ലെങ്കിൽ പൊതുജനവികാരം എതിരാകുമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം, സീനിയോറിറ്റിയാണ് രമേശ് ചെന്നിത്തലയ്ക്ക് അനുകൂലമായ ഘടകം. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ അദ്ദേഹം സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിലെ വിഷയങ്ങളല്ല, മഹാരാഷ്ട്രയിലെ സംഘടനാകാര്യങ്ങളാണ് ചർച്ചചെയ്തതെന്ന് അദ്ദേഹം പറഞ്ഞെങ്കിലും കേരളത്തിലെ സാഹചര്യങ്ങൾ സംബന്ധിച്ച് അനൗപചാരിക സംഭാഷണം നടന്നതായാണ് സൂചന. പൊതുഅഭിപ്രായം കണക്കിലെടുക്കേണ്ടിവരുമെന്ന് സോണിയഗാന്ധി പറഞ്ഞതായും സൂചനയുണ്ട്.
