Crime
കസ്റ്റംസ് കമ്മീഷണറുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്

കോഴിക്കോട് : അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കസ്റ്റംസ് കമ്മീഷണറുടെ പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ്. മനഃപൂര്‍വം പ്രശ്നമുണ്ടാക്കിയതായി കണ്ടെത്താനായില്ല. സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നം മാത്രമാണ് ഉണ്ടായത്. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു.
വാഹനത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ ശാരീരിക അവശതകള്‍ ഉള്ളയാണ്. ട്രെയിനില്‍ നിന്നു വീണ് ഒരു കാലും ഒരു കയ്യും നഷ്ടപ്പെട്ടയാളാണ്. മറ്റേയാള്‍ ഉന്നത വിദ്യാഭ്യാസമുള്ള ആളാണ്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് സൂചിപ്പിച്ചു. അധ്യാപകന്റെ പേരിലുള്ള കാറാണിത്. അദ്ദേഹത്തിന്റെ മകനും ബന്ധുവുമാണ് കാറിലുണ്ടായിരുന്നത് എന്നും പൊലീസ് സൂചിപ്പിച്ചു.
ഈ സംഭവത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം എടവണ്ണപ്പാറയില്‍ വെച്ച് തന്നെ ഏതാനും പേര്‍ പിന്തുടരുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത പൊലീസ് വാഹനവും അതിലുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തങ്ങള്‍ സാധാരണ പോകുന്ന രീതിയിലാണ് പോയത് എന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. പാട്ടൊക്കെ ഇട്ടാണ് പോയത്. ഇതിനിടെ അവര്‍ ഹോണടിച്ചു എന്നു പറയുന്നു. എന്നാല്‍ തങ്ങളാരും അത് കേട്ടില്ല. കുറച്ചുകഴിഞ്ഞ് കസ്റ്റംസ് കമ്മീഷണറുടെ വാഹനം റോഡിന് നടുവില്‍ നിര്‍ത്തി എന്തിനാണ് പിന്തുടരുന്നത് എന്നും ചോദിച്ചു.
കസ്റ്റംസ് കമ്മീഷണറുടെ ഡ്രൈവറും രണ്ടുപേരും ഇറങ്ങിവന്ന് സൈഡ് തരാത്തത് എന്താണെന്ന് ചോദിച്ചു. തങ്ങള്‍ ഹോണടിച്ചതൊന്നും കേട്ടില്ല എന്നും തങ്ങളുടേതായ തരത്തില്‍ പോകുകയായിരുന്നു എന്നും മറുപടി നല്‍കി. ഓവര്‍ടേക്ക് ചെയ്ത സമയത്താണ് വാഹനം കസ്റ്റംസ് കമ്മീഷണറുടേതാണ് എന്ന് കണ്ടത്. തെറ്റു ചെയ്യാത്തതുകൊണ്ട് പേടിയില്ലെന്നും യുവാക്കള്‍ പറഞ്ഞു.
സ്വര്‍ണക്കടത്തും ഡോളര്‍ കടത്ത് കേസുമടക്കം അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണറാണ് സുമിത് കുമാര്‍. മുമ്പും നിരവധി ഭീഷണികള്‍ വന്നിട്ടുള്ള ആളായതിനാല്‍ മൊബൈല്‍ ടവര്‍ അടക്കം വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.