Crime
സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: ഹാഥ്റസിലേക്കുള്ള യാത്രക്കിടയിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേരളം സന്ദർശിക്കാൻ അഞ്ച് ദിവസത്തേക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളിൽ ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിർത്ത ഉത്തർപ്രദേശ് സർക്കാരിനെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
കുടുംബാംഗങ്ങൾ, അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർ എന്നിവർ ഒഴികെ മറ്റാരുമായും സിദ്ദിഖ് കാപ്പൻ സംസാരിക്കാൻ പാടില്ല. പൊതുജനങ്ങളെ കാണുന്നതിനും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്നതിനും വിലക്കുണ്ട്. താമസം വീട്ടിൽ ആയിരിക്കണം. അമ്മയെ കാണുമ്പോൾ പോലീസ് ഒപ്പം ഉണ്ടാകാൻ പാടില്ല. സിദ്ദിഖ് കാപ്പന്റെ സുരക്ഷ ചുമതല ഉത്തർപ്രദേശ് പോലീസിനായിരിക്കും.
കാപ്പന്റെ മാതാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും രണ്ടോ മൂന്നോ ദിവസത്തിലധികം ജീവിക്കാൻ ഇടയില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായും ഇടക്കാല ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച കേരള പത്ര പ്രവർത്തക യൂണിയന് വേണ്ടി ഹാജരായ കപിൽ സിബൽ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത് മനുഷ്യത്വപരമായ വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.