KERALA
കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സ്കൂൾ വിദ്യാർഥിയടക്കം മൂന്നുപേർ മരിച്ചു
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ഒരു സ്കൂൾ വിദ്യാർഥിയടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കേറ്റു. അതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മണ്ണ് കയറ്റി വന്ന ലോറി അമിത വേഗത്തിൽ ഇറക്കം ഇറങ്ങിവരുമ്പോഴാണ് സമീപത്തെ മതിലിൽ ഇടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയത്. ലോറിയിൽ ഉണ്ടായിരുന്ന മണ്ണ് ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നവരുടെ മുകളിലേക്ക് മറിയുകയായിരുന്നു. ഇതിന് പുറമെ തകർന്ന ബസ് സ്റ്റോപ്പിന്റേയും മതിലിന്റേയും അവശിഷ്ടങ്ങളും ആളുകൾക്ക് മേലേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച ഒരാൾ നീലേശ്വരം സ്വദേശി ഹരിലാൽ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് രണ്ടുപേരെയും തിരിച്ചറിഞ്ഞിട്ടില്ല. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന സ്കൂൾ കുട്ടികൾ അടക്കം മണ്ണിനടിയിൽ പെട്ടുപോയി എന്ന് ദൃക്സാക്ഷികൾ പറയുന്നു. മണ്ണ് മാറ്റിയാണ് ആളുകളെ പുറത്തെടുത്തത്. അഞ്ചുപേരെയാണ് ആദ്യഘട്ടത്തിൽ പുറത്തെടുത്തത്.
