Crime
ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് എപിഎം മുഹമ്മദ് ഹനീഷ്
കൊച്ചി : കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള ഉത്തരവ് നടപ്പാക്കാൻ വൈകിയതിനു ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷ നൽകി വ്യവസായ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്. നേരിട്ട് ഹാജരായ ഹനീഷിനോട് കോടതി ഉത്തരവ് വായിക്കാൻ അറിയില്ലേ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു. കോടതി ഉത്തരവ് നിരന്തരം അവഗണിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യം.
താൻ ചുമതല ഒഴിഞ്ഞെന്നും നിലവിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണെന്നും മുഹമ്മദ് ഹനീഷ് കോടതിയെ അറിയിച്ചു. ഹനീഷ് നൽകിയ മാപ്പപേക്ഷയിൽ അടുത്ത മാസം രണ്ടിനായിരിക്കും കോടതി തീരുമാനം. ഐഎൻടിയുസി നേതാവ് ആർ.ചന്ദ്രശേഖരൻ, എംഡി ആയിരുന്ന കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി നൽകാൻ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തരവ് തുടച്ചയായി അവഗണിച്ചപ്പോഴാണ് കോടതിയലക്ഷ്യ നടപടിയിലേക്ക് കടന്നത്. 80 കോടിയുടെ അഴിമതിയിലാണ് സിബിഐ പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയത്.
അടുത്ത തവണ ഹർജി പരിഗണിക്കുന്ന ജൂലൈ രണ്ടിന് പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് ഹാജരാക്കാനാണ് പുതിയ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ നിർദേശം. അതായത്, ഐഎൻടിയുസി നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഇടതുസർക്കാർ നൽകാതിരുന്ന അനുമതി യുഡിഎഫ് സർക്കാർ നൽകേണ്ടിവരും.
