KERALA
ഇനിമുതൽ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ മാത്രമേ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയുള്ളൂ
തിരുവനന്തപുരം: ഇനിമുതൽ മുൻകൂട്ടി അറിയിക്കുകയാണെങ്കിൽ മാത്രമേ മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. എല്ലാ ബുധനാഴ്‌ചയും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വി ഡി സതീശൻ മാദ്ധ്യമങ്ങളെ കാണും. ഇതിനുപുറമെ അടിയന്തര ഘട്ടങ്ങളിൽ മുൻകൂട്ടി അറിയിച്ചും മാദ്ധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മാദ്ധ്യമപ്രവർത്തകർ അടക്കമുള്ള ജനം അനിയന്ത്രിതമായി മുഖ്യമന്ത്രിക്കരികിലേയ്ക്ക് എത്തുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് എഡിജിപി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചിയിൽ ഗോകുലം പാർക്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെ അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ കെ ജെ തടഞ്ഞിരുന്നു.
മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുതെന്നും മറുപടി പറയാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നുമായിരുന്നു അസിസ്റ്റന്റ് കമ്മീഷണർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് മുഖ്യമന്ത്രി. അതിനാൽ മാദ്ധ്യമപ്രവർത്തകർ അദ്ദേഹത്തിന്റെ സമീപത്തുനിന്ന് മാറിനിൽക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണർ നിർദേശിക്കുകയും ചെയ്തു.
