Education
സമരംചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചർച്ച നടത്തി മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം വിഷമിപ്പിച്ചുവെന്ന് ലയ രാജേഷ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റിസ് മുന്നിൽ സമരംചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചർച്ച നടത്തി. ഇന്ന് രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. എൽജിഎസ് ഉദ്യോഗാർഥികളുടെ ആവശ്യത്തെ തുടർന്ന് മന്ത്രി കാണാൻ സമയം അനുവദിക്കുകയായിരുന്നു.
അനുകൂലമായ സമീപനമല്ല മന്ത്രിയിൽനിന്നുണ്ടായതെന്ന് ചർച്ചയിൽ പങ്കെടുത്തു ഉദ്യോഗാർഥികൾ പറഞ്ഞു. മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തങ്ങളെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ഉദ്യോഗാർഥികളുടെ പ്രതിനിധി ലയ രാജേഷ് പറഞ്ഞു. മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതിനിടയിൽ റാങ്ക് എത്രയാണെന്ന് ചോദിച്ചതായും റാങ്ക് ലിസ്റ്റ് പത്തുവർഷത്തേക്ക് നീട്ടുകയാണെങ്കിൽ കൂടി താങ്കൾക്ക് ജോലി ലഭിക്കില്ലെന്നും പിന്നെന്തിനാണ് സമരവുമായി മുന്നോട്ട് പോകുന്നതെന്ന് മന്ത്രി ചോദിച്ചതായും ലയ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയ ഉദ്യോഗാർഥികൾ വൈകുന്നേരം മുതൽ നിരാഹാര സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പറഞ്ഞു. 28 ദിവസമായി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിന്റെ സത്യാവസ്ഥയെ കുറിച്ച് ആർക്കും മനസ്സിലായിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നതെന്നും ലയ പറഞ്ഞു. സർക്കാരിനെ കരിവാരിത്തേക്കാൻ നടത്തുന്ന സമരം എന്ന പ്രതീതിയാണ് മന്ത്രിയുടെ വാക്കുകളിൽ നിന്നുണ്ടായത്. എന്നാൽ ഇത് സർക്കാരിനെതിരെ നടത്തുന്ന സമരമല്ലെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.