Entertainment
എല്ലാ ജില്ലകളും മേളക്ക് വേദിയാകണം – പ്രേം ചന്ദ്
തലശ്ശേരി : 25 ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശ്ശേരി പതിപ്പിൽ നടന്ന ഓപ്പൺ ഫോറത്തിലാണ് സിനിമ നിരൂപകനും, സംവിധായകനുമായ പ്രേം ചന്ദ് ഇത്തരമൊരാവശ്യം മുന്നോട്ടുവച്ചത്. സാധാരണയായി നടക്കുന്ന പ്രാദേശിക ചലച്ചിത്ര മേളകൾ എന്നതിൽ നിന്നുമാറി ഐ എഫ് എഫ് കെ പോലെയുള്ള കേരളത്തിന്റെ ജനകീയമായ അന്താരാഷ്ട്ര ചലച്ചിത്രോത്സവം തന്നെ പ്രാദേശിക കാഴ്ച്ചക്കാരനിലേക്ക് എത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് കാലഘട്ടത്തിന്റെ പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് കേരളത്തിൽ നാലിടങ്ങളിലായി മേള സംഘടിപ്പിക്കുന്ന സർക്കാരിന്റെ ശ്രമത്തെ ആശംസിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു ആവശ്യമുന്നയിച്ചത്.
മേളയുടെ ഹരമായി ചുരുളിയും കോസയും
തലശേരി: ഐഎഫ്എഫ്‌കെയുടെ ആദ്യ ദിനത്തില്‍ ക്വോ വാഡിസ് ഐഡയും ഇന്‍ ബിറ്റ്‌വീന്‍ ഡയിങ്ങുമെല്ലാം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയപ്പോള്‍ രണ്ടാം ദിനത്തില്‍ പ്രദര്‍ശിപ്പിച്ച ചുരുളിയും കോസയും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് തികച്ചും വ്യത്യസ്ത അനുഭവം.
ആദ്യ ദിനത്തേക്കാള്‍ സജീവമായിരുന്നു മേളയുടെ രണ്ടാം ദിനം. ലിജോ ജോസഫ് പല്ലിശ്ശേരിയുടെ ചുരുളിയാണ് രണ്ടാം ദിനത്തില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം. ചിത്രത്തിന്റെ തലശ്ശേരിയിലെ ആദ്യ പ്രദര്‍ശനത്തിനുണ്ടായ ജനത്തിരക്ക് നിയന്ത്രണാതീതമായിരുന്നു. നിമിഷ നേരം കൊണ്ടാണ് ചുരുളിയുടെ പ്രദര്‍ശനത്തിനായുള്ള റിസര്‍വേഷന്‍ മുഴുവനായത്. റിസര്‍വേഷന്‍ ചെയ്യാത്തവര്‍ പോലും പ്രദര്‍ശന ഹാളില്‍ കയറാനായി തിടുക്കം കൂട്ടി.
പതിവ് കഥപറച്ചില്‍ രീതിയില്‍ നിന്ന് മാറി വ്യത്യസ്ത പ്രമേയമാണ് ചുരുളിയിലൂടെ വരച്ചു കാട്ടുന്നത്. ഒരു കുറ്റവാളിയെ പിടികൂടാനായി കാടിനുള്ളിലെ കുഗ്രാമത്തിലേക്ക് വേഷം മാറി പോകുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവരുടെ ഓരോ ചുവടുവെപ്പിലും ദുരൂഹത നിറഞ്ഞ പലരും കടന്നുവരികയും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുകയും ചെയ്യുന്നു. തെറ്റുകള്‍ ശരിയായും, ശരികള്‍ തെറ്റായും മാറിമറിയുന്ന സംഭവ വികാസങ്ങളിലൂടെയാണ് സിനിമ കടന്നു പോകുന്നത്.
മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത കോസയാണ് നല്ല തിരക്ക് അനുഭവപ്പെട്ട മറ്റൊരു ചിത്രം. മാവോവാദി വേട്ടയുടെ പശ്ചാത്തലത്തില്‍ ഛത്തിസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ദലിതരായ ആദിവാസി ബാലന്മാര്‍ക്കെതിരെയുള്ള പൊലീസ് നടപടികളെ ആസ്പദമാക്കിയുള്ളതാണ് കോസ.
ലോക സിനിമ വിഭാഗത്തില്‍ നെവര്‍ ഗൊണാ സ്നോ എഗൈന്‍, ദ വുമണ്‍ ഹു റാന്‍, അണ്‍ഡീന്‍, നോവേര്‍ സ്‌പെഷ്യല്‍, ഹൈ ഗ്രൗണ്ട്, എനദര്‍ റൗണ്ട് എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ കോസ, മെമ്മറി ഹൗസ്, ബേഡ് വാച്ചിങ്, റോം, ചുരുളി, ബിലെസുവര്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
കെ പി കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍, വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍, മഹേഷ് നാരായണന്റെ സീ യു സൂണ്‍ എന്നിവയാണ് രണ്ടാം ദിനത്തില്‍ മലയാള വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍.
അതിജീവനത്തിന്റെ സാക്ഷ്യമായി സിഗ്നേച്ചര്‍ ഫിലിം
തലശേരി: കൊവിഡ് കാലത്തെ അതിജീവനത്തെയും കരുതലിനെയും ആസ്പദമാക്കി ഇരുപത്തിയഞ്ചാം രാജ്യാന്തര ചലച്ചിത്ര മേളയുടെ സിഗ്നേച്ചര്‍ ഫിലിം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫിലിമില്‍
കൊവിഡ് പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ തിയേറ്ററുകള്‍ വീണ്ടും തുറന്ന് പ്രവൃത്തിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രതീക്ഷകളുമാണ് പ്രതീകത്മകമായി ചിത്രീകരിച്ചിട്ടുള്ളത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പോരാളികളായവര്‍ക്കുള്ള ആദരവു കൂടിയാണ് ഈ സിനിമ. നാല്‍പത്തിയേഴ് സെക്കന്‍ഡ് ദൈര്‍ഘ്യമാണ് സിഗ്നേച്ചര്‍ ഫിലിമിനുള്ളത്. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ മേഖലകളിലേക്ക് നടത്തുന്ന ചലച്ചിത്ര യാത്രയില്‍ പാലിക്കേണ്ട ഹെല്‍ത്ത് പ്രോട്ടോക്കോളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സുഷിന്‍ ശ്യാമാണ് ഫിലിമിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. അനന്തപത്മനാഭന്‍, ശരത് രാജ്, ശ്യാമന്ത് കെ എസ്, നീന അന്ന ജോണ്‍സണ്‍, ടെറന്‍സ് ഡൊമിനിക്, മനു ശങ്കര്‍ എന്നിവരാണ് അനിമേഷന്‍ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഗോവിന്ദാണ് ശബ്ദ സംവിധാനം.
മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് ആദരമർപ്പിച്ചു തലശ്ശേരിയിലെ രാജ്യാന്തര ചലച്ചിത്ര മേള
തലശേരി: തലശ്ശേരിയിൽ നടക്കുന്ന ഇരുപത്തിയഞ്ചാമത് ചലച്ചിത്ര മേളയിൽ കഴിഞ്ഞ വർഷം മൺമറഞ്ഞ ചലച്ചിത്ര രംഗത്തെ പ്രമുഖർക്ക് ആദരമർപ്പിച്ചു. മേളയുടെ വേദിയായ ലിബർട്ടി തിയേറ്റർ കോംപ്ലക്സിലെ പ്രത്യേക വേദിയിലായി രുന്നു. ചലച്ചിത്ര പ്രവർത്തകരെ അനുസ്മരിച്ചത്. ദേശാടനത്തിലൂടെ മലയാളിയുടെ മനസ്സിൽ മുത്തശ്ശനായി ചേക്കേറിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ ദേശാടനത്തിന്റെ സംവിധായകൻ ജയരാജ് അനുസ്മരിച്ചു. ആദ്യ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ ഒരാളായിരുന്നു ഉണ്ണി കൃഷ്ണൻ നമ്പൂതിരി, അദ്ദേഹത്തെ പോലുള്ള ആളുകൾ പുതുതലമുറയ്ക്ക് പ്രചോദനം നൽകുന്ന ആളാണെന്നും ജയരാജ് പറഞ്ഞു. സംഗീത സംവിധായകൻ ഐസക് തോമസ് കോട്ടുകപ്പള്ളിയെ സംവിധായകൻ സന്തോഷ് മണ്ടൂർ അനുസ്മരിച്ചു. സംഗീത ലോകത്ത് ശബ്ദത്തെ മനോഹരമായി ഉപയോഗിച്ചിരുന്ന ആളായിരുന്നു ഐസക് തോമസ് എന്ന് അദ്ദേഹം അനുസ്മരിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അഭിനേതാവ് അനിൽ നേടുമെങ്ങാട് രാജ്യാന്തര ചലച്ചിത്ര മേളകളിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ കിം കി ദുക് , ഫെർണാണ്ടസ് സൊളാനസ് , സൗമിത്ര ചാറ്റർജി ഓസ്‌ക്കാർ ഇന്ത്യയിലേക്കെത്തിച്ച വസ്ത്രാലങ്കാരിക ഭാനു അത്തയ്യ എന്നീവരെയും മേളയിൽ അനുസ്മരിച്ചു. പരിപാടിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, സെക്രട്ടറി സി അജോയ്, ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മകൻ ഭവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
അയ്യപ്പനും കോശിയും , ചാരുലത , അഗ്രഹാരത്തിലെ കഴുത , കരി ,മുൾക്ക്, നാഗ്രിക്ക് , കിസ,സൗത്ത്,സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്.. എന്നീ ചിത്രങ്ങളാണ് മേളയിൽ ഹോമേജ് വിഭാഗത്തിൽ പ്രദർശനത്തിനുള്ളത്.
