HEALTH
മുഖ്യമന്ത്രിയും ഭാര്യയും വാക്സിൻ സ്വീകരിച്ചു

തിരുവനന്തപുരം: കൊവിഡ് വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്. ഭാര്യ കമലയും അദ്ദേഹത്തോടൊപ്പം വാക്സിൻ എടുക്കാൻ എത്തിയിരുന്നു. കൊവിഡ് വാക്സിൻ സ്വീകരിക്കാൻ ആരും മടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെടുത്തപ്പോൾ യാതൊരു അസ്വസ്ഥതയും ഉണ്ടായില്ല.ആശങ്കയ്ക്ക് ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്സിനുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന് ചെവി കൊടുക്കരുത്. എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വാക്സിനേഷനാണ് ലോകത്ത് പല ഘട്ടത്തിൽ ഉണ്ടായിട്ടുള്ള മാരക രോഗങ്ങളെ തടയാൻ നമ്മെ സജ്ജരാക്കിയിട്ടുള്ളത്.വസൂരിയും പോളിയോയുമൊക്കെ നമ്മുടെ നാട്ടിൽ നിന്ന് തുടച്ചുമാറ്റാനായത് പ്രതിരോധം തീർത്തപ്പോഴാണ്. അപൂർവ്വം ചിലരെങ്കിലും വാക്സിനേഷന് എതിരെ പ്രചരണം നടത്തുന്നുണ്ട്. ശാസ്ത്രീയമാണ് വാക്സിനേഷൻ, അതിനെതിരെ ഒരു അറച്ചുനിൽപ്പും കാണിക്കരുത്. അവനവനു വേണ്ടിയും നാടിനു വേണ്ടിയും വാക്സിൻ എടുക്കണം- മുഖ്യമന്ത്രി പറഞ്ഞു.