Connect with us

KERALA

വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി : മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുതരമായ രോഗമെന്ന് കോടതിയില്‍ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളില്‍ പ്രസംഗിക്കുന്നത് കണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാര്‍ട്ടി വേദികളിലെത്തിയെന്നും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ ആരോഗ്യവാനാണെന്ന പ്രസ്താവന ഇബ്രാഹിംകുഞ്ഞ് നടത്തിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയാണ് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. എറണാകുളം ജില്ല വിട്ടുപോകുന്നതില്‍ ഇളവ് വേണമെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം.

തനിക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും, മള്‍ട്ടിപ്പിള്‍ മൈലോമ എന്ന കാന്‍സറിന്റെ മൂന്നാംഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നുമാണ് ഇബ്രാഹിംകുഞ്ഞ് കോടതിയെ അറിയിച്ചിരുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഹാജരാക്കിയിരുന്നു.

Continue Reading