Connect with us

NATIONAL

മുല്ലപ്പെരിയാര്‍ അണകെട്ട് സുരക്ഷിതമാണെന്ന് കേന്ദ്ര ജല കമ്മീഷന്‍. പ്രളയവും, ഭൂചലനവും അതിജീവിക്കാന്‍ അണക്കെട്ട് പ്രാപ്തമാണെന്നും കമ്മീഷൻ

Published

on

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണകെട്ട് ഘടനാപരമായി സുരക്ഷിതമാണെന്ന് കേന്ദ്ര ജല കമ്മീഷന്‍. പ്രളയവും, ഭൂചലനവും അതിജീവിക്കാന്‍ അണക്കെട്ട് പ്രാപ്തമാണെന്നും വ്യക്തമാക്കി കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചത് ഏകപക്ഷീയമായോ നിയമവിരുദ്ധമായോ അല്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര ജലകമ്മീഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ നിതിന്‍ കുമാര്‍ ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം ആണ് സുപ്രീം കോടതി രൂപീകരിച്ച ഉന്നത അധികാര സമിതി അണക്കെട്ട് സുരക്ഷിതം ആണെന്ന് കണ്ടെത്തിയത് എന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തില്‍ രൂപീകൃതമായ മേല്‍നോട്ട സമിതി അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതായി ഭരണഘടന ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതിക്ക് എതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ആണ് കേന്ദ്ര ജല കമ്മീഷന്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. ഉപസമിതി രൂപീകരണം ഭരണഘടന ബെഞ്ചിന്റെ വിധിക്ക് വിരുദ്ധം അല്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍ സത്യവാങ് മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ സുരക്ഷ കൃത്യമായി നിരീക്ഷിക്കുന്നതിന് വേണ്ടി ആണ് പ്രാദേശികം ആയി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടുന്ന ഉപസമിതിക്ക് രൂപം നല്‍കിയത്. മേല്‍നോട്ട സമിതി അധികാരങ്ങള്‍ ഉപസമിതിക്ക് കൈമാറിയിട്ടില്ല എന്നും കേന്ദ്ര ജല കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫും, കോതമംഗലം ബ്‌ളോക്ക് പഞ്ചായത്തിലെ അംഗങ്ങള്‍ ആയ ഷീല കൃഷ്ണന്‍കുട്ടി, ജെസ്സി മോള്‍ ജോസ് എന്നിവരാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നത്. മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തി ആണ് തമിഴ് നാട് സര്‍ക്കാര്‍ രേഖപെടുത്തിയിരിക്കുന്നത്.
2019 മെയ് മാസം ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളിന് അന്തിമ രൂപം നല്‍കിയിരുന്നു. കാവേരി ടെക്‌നിക്കല്‍ സെല്‍ തയ്യാര്‍ ആക്കിയ പരിഷ്‌കരിച്ച റൂള്‍ കേര്‍വിനെ സംബന്ധിച്ച് കേരളത്തിന്റെ അഭിപ്രായം തേടിയിട്ട് ഉള്ളതായും കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും, റൂള്‍ കേര്‍വിന്റെ കരടും ലഭിച്ചാല്‍ അതിന് മേലുള്ള അഭിപ്രായം അറിയിക്കാന്‍ കഴിയുകയുള്ളു എന്നായിരുന്നു കേരളം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. അന്തിമ ഓപ്പറേഷന്‍ ഷെഡ്യൂള്‍ തയ്യാര്‍ ആകുന്നതിന് മുമ്പ് മുല്ലപ്പെരിയര്‍ അണക്കെട്ടിന്റെ കീഴ് ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ മേല്‍നോട്ട സമിതി കണക്കിലെടുക്കണം എന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തുന്നതിനായി ഉപസമിതി രൂപീകരിച്ചതിന് എതിരെ കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മരുമകന്‍ ഡോക്ടര്‍ ജോ ജോസഫ് നല്‍കിയ റിട്ട് ഹര്‍ജി സുപ്രീം കോടതി അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കും. ഇതിന് മുന്നോടി ആയാണ് കേന്ദ്ര ജല കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.

Continue Reading