KERALA
കരുത്തനെങ്കിൽ മുരളി എം പി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്ന് കോടിയേരി

തിരുവനന്തപുരം:
ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോയെന്നും നിയമസഭയിലാണോ ലോക്‌സഭയിലാണോ എന്ന് ഉറപ്പിച്ചിട്ടുമതി കെ.മുരളീധരന്റെ പോരാട്ടമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. . നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയ്‌ക്ക് ജയിക്കാൻ ആത്മവിശ്വാസമുണ്ടെങ്കിൽ എം.പി സ്ഥാനം രാജിവച്ചല്ലേ മത്സരിക്കേണ്ടതെന്നും കോടിയേരി ചോദിച്ചു. തിരുവനന്തപുരത്ത് പാർട്ടി തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
. കരുത്തനെങ്കിൽ മുരളി എം.പി സ്ഥാനം രാജിവച്ച് മത്സരിക്കട്ടെയെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ സ്ഥാനം രാജിവച്ചല്ലേ മത്സരിക്കേണ്ടത്.കേരളത്തിൽ പൊതുവെ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. എന്നാൽ നേമത്ത് എൽ.ഡി.എഫും ബിജെപിയും തമ്മിലാണ് മത്സരം. നേമത്തെ ഇടത് സ്ഥാനാർത്ഥിയ്‌ക്ക് തടിയും വണ്ണവും തൂക്കവും മറ്റുളളവരെക്കാൾ കുറവാണെന്നേയുളളൂ എന്നാൽ രാഷ്‌ട്രീയ പ്രത്യയ ശാസ്‌ത്രത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നയാളാണ്.കുന്ദമംഗലത്ത് കോലീബി സഖ്യമാണെന്നും ജമാ അത്തെ ഇസ്ളാമിയുമായി പരസ്യബന്ധവും നീക്ക് പോക്കും യുഡിഎഫ് നടത്തുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. ഇത് രാഷ്‌ട്രീയ പാപ്പരത്വമാണ്. ഇടത് മുന്നണിക്ക് നല്ല ആത്മവിശ്വാസമുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നേമം ഉൾപ്പടെ മണ്ഡലങ്ങളിൽ എൽഡിഎഫ് പ്രവർത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.ലതികാ സുഭാഷ് വിഷയത്തിൽ കോൺഗ്രസിനെ രൂക്ഷമായി കോടിയേരി വിമർശിച്ചു. നേതാക്കളുടെ മുന്നിൽ തലമുണ്ഡനം ചെയ്‌തിട്ട് കാര്യമുണ്ടോ? തല അറുത്ത് വച്ചാലും കുലുങ്ങാത്ത കഠിന ഹൃദയരാണ് കോൺഗ്രസ് നേതാക്കളെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കെ.സുധാകരനെ പോലെയുളളവർക്ക് പോലും കോൺഗ്രസിൽ വിശ്വാസം നഷ്‌ടപ്പെട്ടു.കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിക്കുന്നതിനെയും കോടിയേരി പരിഹസിച്ചു. രണ്ടിടത്തും വിജയസാദ്ധ്യത സുരേന്ദ്രനില്ല. ആൺ സുരേന്ദ്രൻ മതി പെൺ സുരേന്ദ്രൻ വേണ്ടെന്ന് ബിജെപി തീരുമാനിച്ചുകാണുമെന്നും കോടിയേരി പറഞ്ഞു.