KERALA
പത്രിക തള്ളിയതിനെതിരെ ബി ജെ പി സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഹർജി പരിഗണിക്കും

കൊച്ചി: നാമ നിർദേശ പത്രിക തള്ളിയതിനെതിരെ ബി ജെ പി സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഹർജി പരിഗണിച്ചേക്കും. പ്രത്യേക സിറ്റിംഗ് ആകാമെന്ന് കോടതി അറിയിച്ചു. ഗുരുവായൂരിലെയും, തലശ്ശേരിയിലെയും എൻഡിഎ സ്ഥാനാർത്ഥികളാണ് ഹർജി നൽകിയത്.
മത്സരിക്കുന്നതിന് അവസരം ഒരുക്കണമെന്നാണ് സ്ഥാനാർത്ഥികളുടെ ആവശ്യം.തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻ ഡി എ സ്ഥാനാർത്ഥികളുടെ പത്രികകളാണ് കഴിഞ്ഞ ദിവസം തള്ളിയത്. ദേവികുളത്ത് സഖ്യകക്ഷിയായ എ.ഡി.എം.കെ സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതോടെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് പിന്തുണ നൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്.തലശ്ശേരിയിൽ ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസും, ഗുരുവായൂരിൽ അഡ്വ. നിവേദിതയുമായിരുന്നു എൻ ഡി എ സ്ഥാനാർത്ഥികൾ. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് ഹരിദാസിന്റെ പത്രിക തള്ളിയത്. ബിജെപിക്ക് കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുപത്തിരണ്ടായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു.ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് ഗുരുവായൂരിൽ പത്രിക തള്ളാൻ കാരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 25,400 വോട്ടുകൾ ബിജെപി നേടിയ മണ്ഡലമാണ് ഗുരുവായൂർ .