Crime
സർക്കാരിനെ വെട്ടിലാക്കി സോളാർ പീഡനക്കേസിൽ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്

കൊച്ചി: സർക്കാരിനെ വെട്ടിലാക്കി സോളാർ പീഡനക്കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. സംഭവം നടന്നുവെന്ന് പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കും എതിരായ സോളാർ പീഡനക്കേസ് സി.ബി.ഐയ്ക്ക് വിട്ടുകൊണ്ട് അടുത്തിടെയാണ് സർക്കാർ ഉത്തരവിറക്കിയത്. 2018ലാണ് പരാതിക്കാരുടെ മൊഴി പ്രകാരം ഉമ്മൻ ചാണ്ടി അടക്കമുള്ളവരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് രണ്ടര വർഷം ക്രൈംബ്രാഞ്ച് കേസിൽ അന്വേഷണം നടത്തി. തുടർന്ന് പരാതിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് സിബിഐയ്ക്ക് വിടുന്നത്.
നടപടിക്രമങ്ങളുടെ ഭാഗമായി കേസ് അന്വേഷണത്തിന്റെ സ്ഥിതിവിവര റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഉമ്മൻ ചാണ്ടിക്കെതിരായി തെളിവ് ലഭിച്ചില്ലെന്നും പരാതിക്കാരി പറയുന്ന കാര്യങ്ങൾ നടന്നതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമുള്ള വിവരമാണ് ഈ റിപ്പോർട്ടിലുള്ളത്.
2012 സെപ്റ്റംബർ 19ന് നാല് മണിക്ക് ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരി ആരോപിക്കുന്നത്. കൃത്യം നടന്നു എന്നു പറയുന്ന സമയത്ത് ക്ലിഫ് ഹൗസിലുണ്ടായിരുന്ന പോലീസുകാർ, ജീവനക്കാർ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്, മറ്റ് അളുകൾ എന്നിവരെ ചോദ്യം ചെയ്തതിന്റെയും പരാതിക്കാരിയുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ഇതുപ്രകാരം പീഡനം നടന്നു എന്ന് പറയുന്ന സമയത്ത് ഉമ്മൻ ചാണ്ടിയോ പരാതിക്കാരിയോ സ്ഥലത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇത് സംബന്ധിച്ച ടെലിഫോൺ രേഖകൾ സർവീസ് പ്രൊവൈഡർമാരോട് ചോദിച്ചെങ്കിലും ഏഴ് വർഷമായതിനാൽ ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. പരാതിക്കാരി, പരാതിയിൽ പറയുന്ന സംഭവം നടന്നു എന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാൽ കേസ് തുടർ അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് ശുപാർശ ചെയ്യുന്നുവെന്നും ടി.കെ. ജോസ് കേന്ദ്ര സർക്കാരിന് അയച്ച റിപ്പോർട്ടിൽ പറയുന്നു.