KERALA
കൊച്ചി മെട്രോ ഇന്ന് മുതൽ പേട്ടയിലേക്ക്
കൊച്ചി മെട്രോ ഇന്ന് മുതൽ പേട്ടയിലേക്ക് ഓടിത്തുടങ്ങും. തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

കൊച്ചി മെട്രോ ഇന്ന് മുതൽ പേട്ടയിലേക്ക് ഓടിത്തുടങ്ങും. തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ഓൺലൈനിലൂടെ ചടങ്ങിന് അധ്യക്ഷത വഹിക്കും. ഇരുവരും ചേർന്നാകും ആദ്യ സർവീസ് ഫഌഗ് ഓഫ് ചെയ്യുക.
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട പദ്ധതിയാണ് ഇതോടെ നടപ്പിലാകുന്നത്. ആലുവ മുതൽ പേട്ട വരെ എന്നതായിരുന്നു കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ആദ്യം ആലുവ മുതൽ പാലാരിവട്ടം വരെ സർവീസ് ആരംഭിച്ച മെട്രോ പിന്നീട് മഹാരാജ് വരെയും, നിലവിൽ തൈക്കൂടം മുതൽ പേട്ട വരെയുമാക്കി നീട്ടി ആദ്യ ഘട്ടം പൂർത്തിയാക്കി. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് ആദ്യ ട്രെയിൻ പേട്ടയിൽ നിന്ന് പുറപ്പെടുന്നത്.
മെയ് മാസത്തിൽ തന്നെ പേട്ടവരെയുള്ള മെട്രോ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നുവെങ്കിലും കൊവിഡ് സാഹചര്യമാണ് ഉദ്ഘാടനം വൈകാൻ കാരണമായത്.
മെട്രോ ടിക്കറ്റിലും ഇത്തവണ ഇളവുകൾ വന്നിട്ടുണ്ട്. പത്ത് രൂപ മുതലാകും ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുക. 10, 20, 30, 50 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. വീക്ക്‌ഡേ പാസിന് 110 രൂപയായിരിക്കും. വാരാന്ത്യ പാസിന് 220 രൂപയായിരിക്കും. കൊച്ചി വൺ കാർഡ് ഉള്ളവർക്ക് 10% ഇളവുണ്ടാകും.