KERALA
ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു
കണ്ണൂർ:സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നു. പാർട്ടിയുടെ ഉറച്ച കോട്ടകളിൽ ഒന്നായി കരുതപ്പെടുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമളയെപ്പോലൊരു നേതാവിനെ ഇറക്കുന്നത് തിരിച്ചടിയാകു മുന്നറിയിപ്പുമായി സി.പി.എം അണികളും അനുകൂലികളുമാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമായും സോഷ്യൽ മീഡിയ ഇടങ്ങളിലൂടെയാണ് … പാർട്ടിയുടെ സൈബർ പോരാളികൾ തങ്ങളുടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ എന്ന പരിഗണനയിലാണ് സീറ്റ് നൽകിയതെന്ന ആക്ഷേപമാണ് പ്രധാനമായും ഉയരുന്നത്.
പി.കെ. ശ്യാമളയുടെ ജനകീയതയില്ലായ്‌മയും മുൻകാല വിവാദങ്ങളും വിജയസാധ്യതയെ ബാധിക്കുമെന്ന് അണികൾ ഭയപ്പെടുന്നു. ആന്തൂർ നഗരസഭാ അധ്യക്ഷയായിരുന്ന കാലത്ത് പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ വീണ്ടും ചർച്ചയാകുന്നത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ആയുധമാക്കുമെന്നാണ് പ്രവർത്തകരുടെ വാദം, താഴെത്തട്ടിലുള്ള അണികളുമായോ പൊതുജനങ്ങളുമായോ ശ്യാമളയ്ക്ക് വേണ്ടത്ര ആത്മബന്ധമില്ലെന്നും, തളിപ്പറമ്പ് പോലുള്ള ഒരു വിഐപി മണ്ഡലം നിലനിർത്താൻ കൂടുതൽ ജനസമ്മതിയുള്ള നേതാവിനെ കണ്ടെത്തണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
മണ്ഡലത്തിലെ മാറുന്ന വോട്ടിംഗ് രീതിയും നേതൃത്വത്തിന് മുന്നിൽ അണികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.വി. ഗോവിന്ദന്റെ ഭൂരിപക്ഷം 22,000 ആയി കുറഞ്ഞതും, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ഈ മണ്ഡലത്തിൽ എണ്ണായിരത്തിലധികം വോടിൻെ ഭാരിപക്ഷം നേടിയതും
ഗൗരവകരമായ സൂചനകളാണെന്ന് ഇവർ ഓർമ്മിപ്പിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് സ്വാധീനം വർദ്ധിപ്പിക്കുന്നത് തടയാൻ കരുത്തനായ ഒരു സ്ഥാനാർത്ഥി തന്നെ വേണമെന്നാണ് താഴെത്തട്ടിൽ നിന്നുള്ള സന്ദേശം.
അതേസമയം, പി.കെ. ശ്യാമളയെ അനുകൂലിക്കുന്ന വിഭാഗം ഈ വാദങ്ങളെ തള്ളിക്കളയുന്നുണ്ട്. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും ദീർഘകാലത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ് അവരെന്നും, കേവലം ഒരു നേതാവിൻ്റെ ഭാര്യ എന്ന നിലയിലല്ല ശ്യാമളയെ പരിഗണിക്കുന്നതെന്നും ഇവർ വാദിക്കുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പട്ടികയ്ക്ക് ജില്ലാ നേതൃത്വം അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും, താഴെത്തട്ടിലെ പ്രതിഷേധം കണക്കിലെടുത്ത സ്ഥാനാർത്ഥിത്വത്തിൽ പാർടി പുനർചിന്തനം നടത്തുമോയെന്ന് കാത്തിരുന്ന് കാണേണ്ടി ഇരിക്കുന്നു
