Crime
ഇ.ഡിക്കെതിരായ കേസ് മുന്നോട്ടുനീങ്ങുന്നതിനുപിന്നില്‍ രാഷ്ട്രീയ തീരുമാനം.

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെപേരിലുള്ള കേസ് മുന്നോട്ടുനീങ്ങുന്നതിനുപിന്നില്‍ രാഷ്ട്രീയ തീരുമാനം. ഒരു കേന്ദ്രഏജന്‍സിയുടെപേരില്‍ കേസെടുക്കുന്നതില്‍ പോലീസ് മേധാവി ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ആദ്യഘട്ടത്തില്‍ വിയോജിപ്പുകള്‍ ഉയര്‍ന്നെങ്കിലും രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ടുപോവുകയായിരുന്നു. ക്രൈംബ്രാഞ്ചിന് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയെത്തുടര്‍ന്ന് കേസെടുക്കാനാവുമെന്ന് നിയമോപദേശം ലഭിച്ചു. എന്നിട്ടും ദിവസങ്ങള്‍ക്കുശേഷമാണ് ഇ.ഡി.യുടെപേരില്‍ കേസെടുത്തത്. ഇതും പോലീസ് തലപ്പത്തെ വിയോജിപ്പുകളുടെ ഭാഗമാണെന്നാണ് വിലയിരുത്തല്‍.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്നയെ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പേരുപറയിക്കാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന മൊഴിയാണ് കേസിനാധാരം. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാര്‍ക്കെതിരേയും ഇല്ലാത്ത മൊഴിയുണ്ടാക്കാന്‍ കേന്ദ്രഏജന്‍സി ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. എന്നാല്‍, ഏജന്‍സിക്കെതിരേ കേസെടുക്കാനാവില്ലെന്നും കേസെടുത്താലുണ്ടായേക്കാവുന്ന നൂലാമാലകളും പോലീസിനെ പിന്നോട്ടടിച്ചു.
കേസെടുക്കണമെന്നത് സര്‍ക്കാര്‍ തീരുമാനമായി വന്നതോടെ പോലീസ് മേധാവി വഴങ്ങുകയായിരുന്നു. ഇതിനിടെയാണ് പോലീസ് മേധാവിയുടെ ഓഫീസില്‍നിന്ന് ഫയല്‍ ക്രൈംബ്രാഞ്ചില്‍ എത്തിയതും കേസെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോയതും.
ഇ.ഡി. ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥന്‍ സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തതായും വിവരമുണ്ട്. രണ്ട് പോലീസുദ്യോഗസ്ഥര്‍ നല്‍കിയ മൊഴിയിലും സന്ദീപ് കോടതിയില്‍ നല്‍കിയ അപേക്ഷയിലും ഒരു ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറയുന്നുണ്ട്. എന്നാല്‍, ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ചെയ്ത കേസുകളില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉപയോഗിച്ചാണ് കേസ്.
സന്ദീപ് കോടതിയില്‍ നല്‍കിയ അപേക്ഷ പുറത്തുവന്നതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ്. ആലപ്പുഴയിലെ അഭിഭാഷകന്‍ പോലീസ് മേധാവിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പരാതിക്കാരന്റെ മൊഴിയെടുത്തശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ചെയ്യുകയുമായിരുന്നു.