HEALTH
സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്‌സിൻ ആവശ്യമാണെന്നും കൊവിഡ് വ്യാപനത്തിൽ കേരളത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി ശൈലജ

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പരിശോധന കൂട്ടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്തേക്ക് കൂടുതൽ കൊവിഡ് വാക്‌സിൻ ആവശ്യമാണ്. കൊവിഡ് വ്യാപനത്തിൽ കേരളത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം കൊവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കുമെന്നും മന്ത്രി പറഞ്ഞു.ഐ സി യുകളും വെന്റിലേറ്ററുകളും നിറയുന്നു; കൊവിഡ് ഇതര ചികിത്സകൾ നിർത്തിവയ്‌ക്കേണ്ടി വരും
കേരളത്തിൽ പതിനൊന്ന് ശതമാനം പേർക്ക് മാത്രമാണ് കൊവിഡ് വന്നത്. എന്നാൽ തരംഗമുണ്ടായാൽ ബാക്കിയുളളവർക്കും വരും. ഇത് ചെറുക്കാനായി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിലേക്ക് വീണ്ടും കടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളുമായി പരിശോധിക്കുമ്പോൾ മികച്ച രീതിയിലാണ് കേരളത്തിൽ വാക്‌സിനേഷൻ നടപ്പാക്കുന്നത്. ഇനി അഞ്ച് ലക്ഷത്തോളം വാക്‌സിൻ മാത്രമാണ് ബാക്കിയുളളത്. അടിയന്തരമായി അമ്പത് ലക്ഷം വാക്‌സിൻ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് കിട്ടണം. എന്നാൽ മാത്രമേ മാസ് വാക്‌സിനേഷൻ ക്യാമ്പയിൻ വിജയിക്കുകയുളളൂവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊവിഷീൽഡും കൊവാക്‌സിനും തുല്യമായി നൽകണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ തോതിൽ കേസുകൾ വർദ്ധിച്ചാൽ ഓക്‌സിജൻ ക്ഷാമം സംസ്ഥാനത്തുണ്ടാകും. മരുന്ന് ക്ഷാമമില്ലാതെ നോക്കേണ്ടത് കേന്ദ്രസർക്കാരാണ്. എല്ലാവരുടേയും സഹകരണം കൊവിഡ് പ്രതിരോധത്തിൽ ആവശ്യമാണ്. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കൊവിഡ് കേസുകൾ ഉയരുന്നത് താഴേയ്‌ക്ക് കൊണ്ടുവരാനാകും.കേരളത്തിൽ മരണനിരക്ക് ഉയർന്നിട്ടില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ മരണനിരക്ക് വർദ്ധിക്കുകയാണ്. കേന്ദ്രം വാക്‌സിൻ തന്നില്ലെങ്കിൽ വാക്‌സിനേഷൻ മുടങ്ങും. സർക്കാർ പറഞ്ഞ നിബന്ധന ജനങ്ങൾ പാലിച്ചാൽ വലിയ കുഴപ്പങ്ങളുണ്ടാകില്ല. കൊവിഡ് കേസുകളുടെ വർദ്ധനവ് കുറയ്‌ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അന്തർ സംസ്ഥാന യാത്ര കേന്ദ്രം നിരോധിക്കാത്തിടത്തോളം കാലം സംസ്ഥാനം നിയന്ത്രണം ഏർപ്പെടുത്തില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.