Crime
മന്ത്രി ജി സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചുവെന്ന് പൊലീസ്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുവതി

ആലപ്പുഴ : സ്ത്രീത്വത്തെ അപമാനിച്ചു എന്നാരോപിച്ചുകൊണ്ട് മന്ത്രി ജി സുധാകരനെതിരെ നല്‍കിയ പരാതി പിന്‍വലിച്ചുവെന്ന് പൊലീസ്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നില്ലെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസ് വാദം തള്ളി പരാതിക്കാരി രംഗത്തെത്തി.മന്ത്രിക്കെതിരായ പരാതി താന്‍ പിന്‍വലിച്ചിട്ടില്ല. പരാതി പിന്‍വലിക്കാന്‍ താന്‍ അപേക്ഷിച്ചിട്ടില്ല. തന്റെ വ്യാജ ഒപ്പിട്ടാണ് പരാതി പിന്‍വലിക്കാന്‍ നീക്കം നടന്നത്. എസ്‌ഐയെ സ്വാധീനിച്ചാകാം ഈ നീക്കമെന്നും പരാതിക്കാരിയായ യുവതി പറഞ്ഞു.പല ഭാഗത്തു നിന്നും സമ്മര്‍ദ്ദം ഉണ്ടായെങ്കിലും പരാതി പിന്‍വലിക്കാന്‍ ഒരുക്കമല്ല. പിന്‍വലിച്ചു എന്ന് പൊലീസ് പറയുന്നത് ശരിയല്ല. പൊലീസ് നടപടി ഉണ്ടായില്ലെങ്കില്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു. മന്ത്രി സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയും, എസ്എഫ്‌ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗവുമാണ് പരാതിക്കാരി.കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്നവിധം പ്രസ്താവന നടത്തിയെന്നാണ് പരാതിയിലുള്ളത്. കഴിഞ്ഞ ജനുവരി എട്ടിന് പരാതിക്കാരിയെ വിവാഹം ചെയ്തതിന് പിന്നാലെ മന്ത്രി പേഴ്‌സണല്‍ സ്റ്റാഫിനെ ഒഴിവാക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവിനോട് വിശദീകരണം തേടാന്‍ സിപിഎം ഇന്നലെ തീരുമാനിച്ചിരുന്നു.അതിനിടെ, തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. താന്‍ ആരെയും അപമാനിച്ചിട്ടില്ല. പരാതിക്ക് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളാണുള്ളത്. കുടുംബത്തെ വരെ ആക്ഷേപിക്കാന്‍ ശ്രമം നടന്നു. പഴ്‌സണല്‍ സ്റ്റാഫിനെതിരെ നടപടിയെടുക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ഭാര്യക്കോ മകനോ വേണ്ടി എവിടെയും ഇടപെട്ടിട്ടില്ല എന്നും സുധാകരന്‍ പറഞ്ഞു.തനിക്കെതിരെ പല പാര്‍ട്ടികളില്‍പെട്ട സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു. ഇതൊരു ഗ്യാങാണ്. അതില്‍ പല പാര്‍ട്ടികളില്‍ ഉള്ളവരുണ്ട്. ആലപ്പുഴയ്ക്ക് വേണ്ടി ഭംഗിയായി വികസനം നടത്തി. തനിക്കെതിരെ ഒരു സാമ്പത്തികാരോപണം പോലും ഇല്ല. തന്റെ കുടുംബത്തിന് നല്ല ഇടതുപക്ഷബോധമുള്ളവരാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.