Education
ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാനുളള നീക്കം; ഗവര്‍ണര്‍ വിസിയോട് വിശദീകരണം തേടി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് തലശേരി എം.എൽ.എ എ.എൻ.ഷംസീറിന്റെ ഭാര്യ ഡോ.പി.എം.സഹ് ലയെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ ഗവർണർ വി.സി.യോട് വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിന്മേലാണ് നടപടി.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കേ തിരക്കിട്ട് ഓൺലൈൻ അഭിമുഖം നടത്തി ഷംസീറിന്റെ ഭാര്യ ഡോ.സഹ് ലയെ അസിസ്റ്റന്റ് പ്രൊഫസർ എന്ന സ്ഥിരം തസ്തികയിലേക്ക് നിയമിക്കാൻ ശ്രമം നടന്നു എന്നാണ് പരാതി. യുജിസിയുടെ കീഴിലുളള എച്ച്ആർ വകുപ്പിൽ എല്ലാ തസ്തികകളും താല്ക്കാലികമാണെന്നിരിക്കേ എന്തുകൊണ്ടാണ് ഷംസീറിന്റെ ഭാര്യയെ നിയമിക്കുന്നതിനായി പുതിയ തസ്തിക സൃഷ്ടിച്ചത് എന്ന ചോദ്യവും ഉയർന്നിരുന്നു. അഭിമുഖത്തിന്റെ കട്ട് ഓഫ് മാർക്ക് ഇവർക്ക് വേണ്ടി കുറച്ചുവെച്ചുവെന്നും കമ്മിറ്റി ആരോപണമുന്നയിക്കുന്നുണ്ട്.