HEALTH
രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷം പേർക്ക് രോഗബാധ മരണപ്പെട്ടത് 3498 പേർ

ന്യൂഡൽഹി : രാജ്യത്ത് അതിരൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനം തുടരുന്നതായി പുതിയ കണക്കുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,86,452 പേർ കൊവിഡ് ബാധിതരായി. 3498 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (66,159), കേരളം (38,607 ), ഉത്തർപ്രദേശ് (35,104), കർണാടക (35,024) ഡൽഹി (24,235) എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്. ഇതിൽ മിക്ക സംസ്ഥാനങ്ങളും ഇപ്പോൾ ലോക്ക്ഡൗണിലാണ്.
കൊവിഡ് കേസുകൾ കുത്തനെ കൂടുമ്പോഴും രാജ്യത്ത് പലയിടങ്ങളിലും വാക്സിൻ നൽകുന്നതിൽ തടസം നേരിടുന്നതും ആശങ്കയുണർത്തുന്നുണ്ട്. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങൾ കൂടുതൽ വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും കൂടുതൽ വൈദ്യ സഹായങ്ങൾ ഇന്ത്യയിലേക്ക് പ്രവഹിക്കുകയാണിപ്പോൾ.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി വിളിച്ച കേന്ദ്രമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിക്ക് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തും. ഓക്സിജൻ പ്രതിസന്ധി, വാക്സിൻ ക്ഷാമം എന്നിവയും ചർച്ച ചെയ്യുമെന്നാണ് വിവരം.