HEALTH
കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്‌സിൻ ജൂലായ്, സെപ്റ്റംബർ മാസങ്ങളിലായി തയ്യാറാകും

ന്യൂഡൽഹി: കുഞ്ഞുങ്ങൾക്കുള്ള കോവിഡ് വാക്‌സിൻ ജൂലായ്, സെപ്റ്റംബർ മാസങ്ങളിലായി തയ്യാറാകുമെന്ന് ബയോൺടെക്. അഞ്ച് മുതൽ പന്ത്രണ്ട് വയസ്സുവരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കോവിഡ് വാക്‌സിൻ ജൂലായിലും അഞ്ച് വയസ്സിൽ താഴെപ്രായമുള്ളവരുടെ വാക്‌സിൻ സെപ്റ്റംബറോടെയും ലഭ്യമാകുമെന്നാണ് കമ്പനി സി ഇ ഒ അറിയിച്ചത്.
ബയോൺടെക് സി ഇ ഒയെ ഉദ്ധരിച്ച് ജർമ്മൻ മാഗസിൻ സ്പീഗലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അഞ്ച് വയസ്സിൽ താഴെയുള്ളവരിൽ ആറുമാസം പ്രായമായ കുഞ്ഞുങ്ങൾവരെ ഉൾപ്പെടുമെന്നും കമ്പനി പറയുന്നു.
ഡാറ്റാ പരിശോധനയ്ക്ക് നാല് മുതൽ ആറ് ആഴ്ച്ചകൾ മാത്രമാണ് വേണ്ടി വരികയെന്നും ബയോൺടെക് കമ്പനി സി ഇ ഒ അറിയിച്ചു.’കാര്യങ്ങൾ നല്ലനിലയിൽ പുരോഗമിക്കുകയാണെങ്കിൽ പന്ത്രണ്ട് വയസ്സിൽ താഴെയും അഞ്ച് വയസ്സിൽ താഴെയുമുള്ള കുഞ്ഞുങ്ങൾക്ക് തയ്യാറാക്കിയ വാക്‌സിൻ പെട്ടെന്ന് തന്നെ അംഗീകാരത്തിന് വേണ്ടി സമർപ്പിക്കാനാകുമെന്നാണ് കരുതുന്നത്,’ സി ഇ ഒ ഊർ ഷാഹിനെ ഉദ്ധരിച്ച് സ്പീഗൽ റിപ്പോർട്ട് ചെയ്തു.
12 മുതൽ 15 വരെ പ്രായമുള്ള മുതിർന്ന കുട്ടികളിൽ അടിയന്തിര സാഹചര്യങ്ങളിൽ തങ്ങളുടെ വാക്‌സിൻ ഉപയോഗിക്കാനുള്ള അംഗീകാരം തേടി ബയോൺടെക്കും ഫൈസറും യൂറോപ്യൻ റഗുലേറ്റേഴ്‌സിനെ ഈ മാസം സമീപിച്ചിരുന്നു.പന്ത്രണ്ട് വയസ്സിനും അതിന് മുകളിലുള്ളവർക്കും വേണ്ടി നിർമ്മിക്കപ്പെട്ട വാക്‌സിന്റെ പരിശോധനകൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നും കമ്പനി അറിയിച്ചു.
മുതിർന്നകുട്ടികൾക്കായി നിർമ്മിച്ച കോവിഡ്-19 വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നും ശക്തമായ ആന്റി ബോഡി പ്രതികരങ്ങളുണ്ടാക്കാൻ സഹായകരമാണെന്നും മാർച്ച് അവസാനത്തോടെ പ്രസിദ്ധീകരിച്ച വാക്‌സിൻ ട്രയലുകളുടെ ഫലം സൂചിപ്പിക്കുന്നതായി കമ്പനി പറയുന്നു.
പതിനാറ്‌വയസ്സിനും അതിന് മുകളിലുള്ളവർക്കും ഫൈസർ, ബയോൺടെക് വാകിസിന്റെ രണ്ട് ഡോസ് നല്കാനുള്ള അംഗീകാരം നിലവിലുണ്ടെന്നും കമ്പനി അറിയിച്ചു. ലക്ഷണങ്ങളില്ലാത്ത കോവിഡാണ് പ്രായപൂർത്തിയാകാത്തവരിൽ കാണുന്നതെന്നും അത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാദ്ധ്യത കൂടുതലാണെന്നും കമ്പനി വിലയിരുത്തുന്നതായും സ്പീഗൽ റിപ്പോർട്ട് ചെയ്യുന്നു.