KERALA
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്‌ക്ക് സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാകും. നാളെയോടെ അതിതീവ്രമാകും. ഞായറാഴ്‌ചയോടെ ന്യൂനമർദ്ദം ടൗടേ ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥം കേരള തീരത്തോട് ചേര്‍ന്നായതിനാല്‍, കടല്‍പ്രക്ഷുബ്‌ധമായിരിക്കും. ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുലർച്ചെ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു.മഴ ശക്തിപ്രാപിച്ചതിനെ തുടർന്ന് കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയുന്നതിന്‍റെ ഭാഗമായി തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനുള്ള ജോലികൾ തുടങ്ങിയിട്ടുണ്ട്. നിലവിൽ പൊഴിയിലെ ചാല് കീറുന്ന നടപടികളാണ് പുരോഗമിക്കുന്നത്. കൂടാതെ ഇറിഗേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടറുകൾ തുറന്നു. 90 ഷട്ടറുകളിൽ 30 എണ്ണം ആണ് ഉയർത്തിയത്.തിരുവനന്തപുരം പൊഴിയൂരിൽ കടലേറ്റം തുടരുകയാണ്. പ്രദേശവാസികളെ ക്യാമ്പുകളിലേക്ക് മാറ്റി. കോഴിക്കോട് കൊയിലാണ്ടി, കാപ്പാട് , തോപ്പയിൽ ഭാഗങ്ങളിലും കടൽക്ഷോഭം ശക്തമാണ്. മഴയും കടലേറ്റവും തുടർന്നാൽ സംസ്ഥാനത്ത് കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ ഉൾപ്പടെ തുറക്കേണ്ടി വരും.