Connect with us

KERALA

മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ കെ.എം. ഹംസക്കുഞ്ഞ് അന്തരിച്ചു

Published

on

കൊച്ചി: കേരളത്തിന്റെ ഏഴാം നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കറും കൊച്ചി മുന്‍ മേയറും മുതിര്‍ന്ന മുസ്!ലിം ലീഗ് നേതാവുമായിരുന്ന കെ.എം. ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്ആര്‍എം റോഡിലെ വസതിയില്‍ രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് തോട്ടത്തുംപടി പള്ളിയില്‍. ഭാര്യ: നബീസ. ഒരു മകനും മകളുമുണ്ട്.
തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേയ്ക്കു വന്ന്, കൊച്ചി മുന്‍സിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും നിയമസഭയിലേയ്ക്കുമെല്ലാം എത്തിയ വ്യക്തിയാണ് കെ.എം. ഹംസക്കുഞ്ഞ്. എറണാകുളം മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായത് 1966ല്‍. തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ രൂപീകരിച്ചപ്പോള്‍ 1969ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ അംഗമായി. തുടര്‍ന്ന് 1973 മുതല്‍ രണ്ടര വര്‍ഷം കൊച്ചി കോര്‍പ്പറേഷന്‍ മേയറായിരുന്നു. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ജിസിഡിഎ അതോറിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യന്‍ മുസ്‌ലിംലീഗിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായി 1975ല്‍ തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിംലീഗിന്റെ ടിക്കറ്റിലാണ് ഏഴാം നിയമസഭയിലേയ്ക്ക് മട്ടാഞ്ചേരിയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 1982ല്‍ ഡപ്യൂട്ടി സ്പീക്കറായി. 1986ല്‍, രാഷ്ട്രീയ കാരണങ്ങളാല്‍ പദവിയില്‍നിന്നു രാജിവയ്ക്കുകയായിരുന്നു.

Continue Reading