KERALA
വരുന്നു ‘ടൗട്ടെ’; ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ്

തിരുവനന്തപുരം.ലക്ഷദ്വീപിനു സമീപം വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം മേയ് 15,16 ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത പ്രവചിക്കുന്നത്.
‘ടൗട്ടെ’ (Taukte) എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. മ്യാന്‍മാര്‍ ആണ് ചുഴലിക്കാറ്റിന് ഈ പേരിട്ടത്. കേരളത്തില്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപദത്തില്‍ കേരളം ഇല്ലെങ്കിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കടലാക്രമണത്തിനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഉച്ചയോട് കൂടി ആരംഭിക്കുന്ന ശക്തമായ ഇടിമിന്നലോട് കൂടിയ വേനല്‍ മഴ സംസ്ഥാനത്ത് തുടരുകയാണ്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ഇടിമിന്നല്‍, ശക്തമായ കാറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കുക. ഇടിമിന്നല്‍ സമയത്ത് പുറത്തിറങ്ങുന്നത് കര്‍ശനമായി ഒഴിവാക്കുക. കെട്ടിടങ്ങള്‍ക്ക് അകത്തോ വാഹനങ്ങള്‍ക്ക് ഉള്ളിലോ സുരക്ഷിതമായി തുടരുക.