HEALTH
കൊവിഡ് മൂലം മരിച്ച കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുമെന്ന് നവീൻ പട്നായിക്

ഭുവനേശ്വർ: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ വിർച്വൽ മീറ്റിംഗ് വിളിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. കൊവിഡ് 19 ലക്ഷണങ്ങൾ ഉള്ളവരെ കണ്ടെത്താൻ വീടുകൾ തോറുമുള്ള സർവ്വേ നടത്താൻ അംഗൻവാടി പ്രവർത്തകർ, ആശാ വർക്കേഴ്സ് എന്നിവരെ ചുമതലപ്പെടുത്തുമെന്ന് നവീൻ
പ്ടനായിക് പ്രഖ്യാപിച്ചു.
മെയ് 24 മുതൽ ഈ സർവ്വേ ആരംഭിക്കും. ഇതിനായി ആരോഗ്യപ്രവർത്തകർക്ക് മൂന്നുമാസത്തേക്ക് പ്രതിമാസം 1000 രൂപ ഇൻസെന്റീവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്നതിന് മിഷൻ ശക്തി ഗ്രൂപ്പുകൾ, ആശാ പ്രവർത്തകർ, അങ്കണവാടി വർക്കേഴ്സ് എന്നിവരെ തുടക്കം മുതൽ തന്നെ ചുമതലപ്പെടുത്തിയിരുന്നു. കൊവിഡിനെതിരെ മറ്റ് സംസ്ഥാനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ നിരീക്ഷിച്ച്, അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കൊവിഡിനെതിരെ സജീവമായ നടപടികൾ കൈക്കൊള്ളുന്നുണ്ട്.
ആദ്യത്തെ കൊവിഡ് തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ ആരോഗ്യസംവിധാനങ്ങൾ വളരെയധികം മെച്ചപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഐസിയു, കിടക്കകൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൊവിഡ് മൂലം നിരവധി കുടുംബങ്ങൾ അനാഥമായിട്ടുണ്ട്. അത്തരം കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കുമെന്നും അവർക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്നും പട്നായിക് അറിയിച്ചു.