Education
ഈ വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം വെർച്വലായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പ്രവേശനോത്സവം ജന പങ്കാളിത്തത്തോടെ നടത്താനാകില്ലെന്നും അതുകൊണ്ട് വെർച്വലായി പ്രവേശനോത്സവം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്ലസ് വൺ പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും. അധ്യാപക സംഘടനകളുമായി യോഗം ചേർന്നപ്പോൾ വ്യത്യസ്ത അഭിപ്രായം ഉണ്ടായെന്നും അദ്ദേഹം അറിയിച്ചു.
പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് ഒൻപത് മണിക്ക് മുഖ്യമന്ത്രി വിക്ടേഴ്സ് ചാനലിലൂടെ ഉദ്ഘാടനം നടത്തും. 11 മണിക്ക് സ്കൂൾ തലത്തിൽ വെർച്വലായി പ്രവേശനോത്സവം നടത്തും.ഈ വർഷത്തെ അധ്യയനം വിക്ടേഴ്സ് ചാനലിന് പുറമെ ഓൺലൈൻ ആക്കും. കുട്ടികൾക്ക് അധ്യാപകരെ കാണാത്തതിലുള്ള മാനസിക പ്രയാസം ഉണ്ട്. അതുകൊണ്ട് തന്നെ ഡിജിറ്റൽ ക്ലാസുകൾക്ക് ഉപരിയായി ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.
ഹയർസെക്കണ്ടറി മൂല്യനിർണയ ക്യാമ്പുകൾ ജൂൺ 1ന് ആരംഭിച്ച് ജൂൺ 19ന് പൂർത്തീകരിക്കും. 79 ക്യാമ്പുകളിലായി 26447 അധ്യാപകരും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എട്ട് ക്യാമ്പുകളിലായി 3031 അധ്യാപകരെയും ആണ് മൂല്യനിർണയത്തിനായി നിയോഗിച്ചത്. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ ഏഴാം തിയ്യതിവരെ നടത്തും.എസ്.എസ്.എൽ.സി ടിഎച്ച്എൽസി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂൺ ഏഴിന് ആരംഭിച്ച് ജൂൺ 25ന് പൂർത്തിയാകും.