KERALA
കെ.കെ ശൈലജയക്ക് മന്ത്രി സ്ഥാനം നിരസിച്ചതിൽ വിശദീകരണവുമായ് എസ്. ആർ പി

തിരുവനന്തപുരം:മന്ത്രിസഭാ രൂപവത്കരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന മാധ്യമപ്രചാരണത്തിൽ ഇടതുപക്ഷസുഹൃത്തുക്കൾ അടക്കം പെട്ടുപോയതായി സി.പി എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള . കെ.കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതതിനെക്കുറിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വിശദീകരിക്കുകയായിരുന്നു എസ്.ആർ.പി. പാർലമെന്ററി സ്ഥാനത്തേക്ക് നിയോഗിക്കുമ്പോൾ മാത്രമാണ് ഒരുപാർട്ടി പ്രവർത്തകൻ പരിഗണിക്കപ്പെട്ടുവെന്ന് കരുതുന്നത് പാർട്ടി ബോധത്തിന്റെ നിലവാരത്തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
കെ.കെ. ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിന് അവരുടെ പേരുപറയാതെയാണ് എസ്.ആർ.പി. വിശദീകരിക്കുന്നത്. ചുമതലകൾ സമർഥമായി കൈകാര്യം ചെയ്തവർക്ക് ഇളവ് നൽകിയാൽ 26 എം.എൽ.എ.മാർക്കും 11 മന്ത്രിമാർക്കും അത് നൽകേണ്ടിവരുമായിരുന്നു.
സ്ഥാനാർഥി നിർണയത്തിലും മന്ത്രിപദത്തിലും പുതുമുഖങ്ങൾക്ക് പരിഗണന നൽകിയതിന്റെ കാര്യങ്ങൾ വിശദീകരിച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ചണ്ഡീഗഢ് പാർട്ടി കോൺഗ്രസ് റിപ്പോർട്ട് ഉദ്ധരിച്ചാണ് എസ്.ആർ.പി.യുടെ വിശദീകരണം. ‘തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള അത്യാഗ്രഹത്തിലൂടെയും കരിയറിസത്തിലൂടെയും വെളിവാക്കപ്പെടുന്ന കട്ടിപിടിച്ച പാർലമെന്ററി വ്യാമോഹം പാർട്ടി ശക്തമായ സംസ്ഥാനങ്ങളിലും ദുർബലമായ സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇത് പാർട്ടിയിലെ ഗ്രൂപ്പിസത്തിനും വിഭാഗീയതയ്ക്കുമുള്ള ഉറവിടം കൂടിയാണ്’ ഒരാൾ ഒരേസ്ഥാനത്ത് തുടരുന്നത് പാർട്ടിക്കുള്ളിൽ ആരോഗ്യകരമായ കൂട്ടായ്മ വളർത്തുന്നതിന് പ്രയാസകരമാകുമെന്നും എസ്. ആർ.പി പറയുന്നു..
സ്ഥാനങ്ങൾ നേടുന്നതിനും ഉറപ്പിക്കുന്നതിനും ശ്രമങ്ങളുണ്ടാകും. ഇത് പാർട്ടിക്കുള്ളിലെയും പാർലമെന്ററിതലത്തിലെയും സ്ഥാനങ്ങൾക്ക് ഒരേപോലെ ബാധകമാണ്. അതുകൊണ്ടാണ് ബ്രാഞ്ച് സെക്രട്ടറിമാർ മുതൽ ജനറൽ സെക്രട്ടറിവരെയുള്ളവർക്ക് കാലപരിധിവെച്ചത്. ഈ തീരുമാനം പാർട്ടിക്കുള്ളിൽ ഐക്യം ശക്തിപ്പെടുത്തുന്നതിനും വിഭാഗീയ പ്രവണതയെ നേരിടുന്നതിനും സഹായിച്ചു. പാർട്ടി-പാർലമെന്ററി സ്ഥാനങ്ങളിലേക്ക് കഴിവുള്ള സഖാക്കൾക്ക് പുതിയ അവസരം ലഭിക്കും.
രണ്ടുതവണ തുടർച്ചയായി എം.എൽ.എ.മാരായിരുന്നവരെ മാറ്റിനിർത്തിയാൽ അത് വിജയസാധ്യത ഇല്ലാതാക്കുമെന്ന് ചിലർ കരുതി. എന്നാൽ, വിജയസാധ്യതയുള്ള പ്രഗൽഭർക്ക് പാർട്ടിയിൽ ക്ഷാമമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുകയാണെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി.