Education
ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഉത്തരവ്. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള ഉത്തരവ് നിയമവിരുദ്ധമെന്ന് കോടതി

കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമപദ്ധതികൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നിശ്ചയിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
പൊതുതാൽപര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. നിലവിലുള്ള സ്കോളർഷിപ്പ് വിതരണ രീതി ഭരണഘടനാ വിരുദ്ധവും തുല്യത ഉറപ്പാക്കാത്തതുമാണെന്ന് ഹൈക്കോടതി കണ്ടെത്തി. 2008 മുതൽ 2015 വരെ മൂന്ന് ഉത്തരവുകൾ സർക്കാർ ഇറക്കിയിരുന്നു. ഇതിൽ 2015ലെ അടക്കമുള്ള ഉത്തരവുകളിൽ 80 ശതമാനവും മുസ്ലിം വിഭാഗത്തിന് നൽകാനായിരുന്നു തീരുമാനം.
ഇത് നിമയവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടത്. 2011 ലെ സെൻസസ് പ്രകാരം 45.27 ശതമാനം പേർ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവരാണ്. ഇതിൽ 58.61 ശതമാനമാണ് മുസ്ലിങ്ങൾ. 40.6 ശതമാനം ക്രിസ്ത്യാനികളാണ്. മറ്റുള്ള ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവർ 0.73 ശതമാനമാണുള്ളത്. ഈ സ്ഥിതിക്ക് 80:20 എന്ന അനുപാതം നീതീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.