HEALTH
കോവിഡ് ചികിത്സയിൽ സുപ്രധാന ചുവടുവയ്പ്പായി കാസിരിവിമാബ് – ഇംഡെവിമാബ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കുത്തിവച്ചു

പത്തനംതിട്ട; കോവിഡ് ചികിത്സയിൽ സുപ്രധാന ചുവടുവയ്പ്പായി ആന്റിബോഡി മരുന്നായ കാസിരിവിമാബ് – ഇംഡെവിമാബ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടറിൽ കുത്തിവച്ചു. ആന്റി സാർസ് കോവ് – 2 വിഭാഗത്തിൽ ഉൾപ്പെടുന്ന ആന്റിബോഡി മരുന്ന് സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.
ഒരു ഡോസ് മരുന്നിന് 59,750 രൂപയാണ് വില. 1.10 ലക്ഷം രൂപ മുടക്കിയാണ് 2 ഡോസ് അടങ്ങുന്ന വയൽ (കുപ്പി) പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്.കോവിഡ് മൂലം ശരീരത്തിൽ സ്വാഭാവികമായ ആന്റി ബോഡി ഉൽപാദിപ്പിക്കപ്പെടുന്നതിന് മുൻപ് തന്നെ ഈ മരുന്ന് ആന്റി ബോഡി സൃഷ്ടിച്ചു കോവിഡ് വൈറസുകളെ നേരിടും. ഇതുമൂലം വൈറസുകൾ ശരീരത്തിൽ പെരുകുന്നത് പൂർണമായും തടയപ്പെടും.
കോവിഡ് പോസിറ്റീവായി ആദ്യ 72 മണിക്കൂറിലാണ് മരുന്നു കൂടുതൽ ഫലപ്രദം. ശരീരത്തിൽ വൈറസ് നെഗറ്റീവായ ശേഷം കുത്തിവയ്ക്കുന്നതു കൊണ്ട് കാര്യമായ ഗുണമില്ല.പത്തനംതിട്ട ജനറൽ ആശുപത്രിയിലെ തന്നെ ഡോക്ടറിലാണ് മരുന്ന് കുത്തിവച്ചത്.
മരുന്ന് ഫലം കണ്ടു തുടങ്ങിയെന്നു ചികിത്സയ്ക്കു നേതൃത്വം നൽകുന്ന ഡോ.അരുൺ ജൂഡ് അൽഫോൻസ് മനോരമയോടു പറഞ്ഞു. വയലിൽ അവശേഷിക്കുന്ന രണ്ടാമത്തെ ഡോസ് സർക്കാർ മേഖലയിൽ തന്നെയുള്ള ഫാർമസിസ്റ്റിൽ കുത്തിവയ്ക്കും.
പന്തളത്ത് ചികിത്സയിലുള്ള ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റും. പ്രമേഹം അടക്കമുള്ള ശാരീരിക പ്രയാസങ്ങളുള്ള ഇദ്ദേഹത്തിന് പോസിറ്റീവ് ആയിട്ട് 3 ദിവസമായതേയുള്ളു. മരുന്നു കുത്തിവയ്ക്കാൻ ഫലപ്രദമായ സമയമാണിത്. പ്രമേഹ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, കീമോതെറപ്പി ചെയ്യുന്നവർ തുടങ്ങിയവരിൽ നടത്തിയ പരീക്ഷണത്തിൽ കോവിഡ് വൈറസുകൾ വ്യാപനം 70% തടയപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.
മരണത്തിലേക്കു വരെ പോകാമായിരുന്ന രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സാഹചര്യം പോലും ഒഴിവാക്കാൻ മരുന്നിന്റെ ഉപയോഗത്തിലൂടെ സാധിച്ചെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കയിലും വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും 12 വയസ്സ് മുതൽ ആന്റിബോഡി മരുന്ന് ഉപയോഗിക്കുന്നുണ്ട്.