Crime
കടൽക്കൊല കേസിൽ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു

ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.
2012 ഫെബ്രുവരി 15ന് രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്ന കേസിലെ നടപടികൾ ആണ് സുപ്രീം കോടതി അവസാനിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസിന്റെ നടപടികൾ അവസാനിപ്പിക്കുന്നതിനെ കേരളവും എതിർത്തില്ല.
നാവികർക്കെതിരെ ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. നഷ്ടപരിഹാരമായി ഇറ്റലി കൈമാറിയ പത്ത് കോടി ന്യായമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ തുക അടിയന്തരമായി കേരള ഹൈക്കോടതിക്ക് കൈമാറും.
നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിൻ, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങൾക്ക് നാല് കോടി രൂപ വീതവും സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക.