KERALA
സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണെന്ന് പ്രസീത

കണ്ണൂർ. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നതിന് സികെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന പ്രസീത അഴിക്കോടിന്റെ വെളിപ്പെടുത്തല്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചത്. ഇപ്പോള്‍ ആരോപണം ശരിവച്ച് കെ സുരേന്ദ്രന്റെ പുതിയ ശബ്ദ രേഖ പുറത്ത് വന്നു.പ്രസീത അഴീക്കോട് തന്നെയാണ് പുതിയ ശബ്ദ രേഖയും പുറത്ത് വിട്ടത്. സികെ ജാനുവിന് പണം നല്‍കിയത് ആര്‍എസ്എസ് അറിവോടെയാണ് എന്നാണ് പ്രസീതയുടെ പുതിയ വെളിപ്പെടുത്തല്‍.
പണം ഏര്‍പ്പാടാക്കിയത് സംഘടനാ സെക്രട്ടറി എം ഗണേഷാണെന്ന് പറയുന്നുണ്ട് . ‘ഗണേഷ് ജിയാണ് അവിടത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഞാന്‍ ഇവിടെ കാന്‍ഡിഡേറ്റ് അല്ലേ, എനിക്ക് അങ്ങനത്തെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് സികെ ജാനുവിനോട് തിരിച്ച് വിളിക്കാന്‍ പറയണം.’ എന്നാണ് സുരേന്ദ്രന്റെ ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം.
ജാനുവിന് നല്‍കിയത് 25 ലക്ഷം രൂപയാണ്. നേരത്തെ കൈമാറിയ പത്ത് ലക്ഷത്തിന് പുറമേയാണ് ഈ 25 ലക്ഷം നല്‍കിയതെന്നും പ്രസീത പറയുന്നു. മാര്‍ച്ച് 26 ന് സുല്‍ത്താന്‍ ബത്തേരിയിലെ മണിമല ഹോം സ്‌റ്റേയിലെ മുറിയില്‍ വച്ചാണ് പണം കൈമാറിയത്.
പണം കൊണ്ടുവന്നത് ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ ആണ്. തുണിസഞ്ചിയില്‍ പൂജാ നിവേദ്യങ്ങള്‍ എന്നപേരിലാണ പണം എത്തിച്ചത്. സികെ ജാനുവാണ് പണം കൈപ്പറ്റിയതെന്നും പ്രസീത പ്രതികരിച്ചു.