Crime
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: കരിപ്പൂർ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡി വൈ എഫ് ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. നാളെ രാവിലെ 11ന് കസ്റ്റംസിന്‍റെ കൊച്ചി യൂണിറ്റിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്.
കസ്റ്റംസ് അറസ്റ്റ് ചെയ്‌ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുക. അർജുൻ തെളിവുകൾ ഒളിപ്പിച്ചാണ് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് വിവരം.
പാസ്പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകൾ കാണാനില്ലെന്നും മൊബൈൽ ഫോൺ നഷ്‌ടപ്പെട്ട് പോയെന്നുമാണ് അർജുൻ മൊഴിനൽകിയിരിക്കുന്നത്. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ 10 ദിവസം കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും.കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചിൽ എത്തിച്ച് അർജുനൊപ്പം ചോദ്യം ചെയ്യും. ഫോൺ രേഖ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അർജുനെ അറസ്റ്റ് ചെയ്‌തത്.