KERALA
മരംമുറി ഉത്തരവ് ഇറക്കിയത് മുൻ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ തന്നെ

തിരുവനന്തപുരം: വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുൻ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദേശത്തെ തുടർന്നാണെന്ന് വ്യക്തമായി. ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകിയത് മന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെട്ടാണ് മന്ത്രി ഉത്തരവിറക്കിയത്.
റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണൽ എജിയുടെയും ഉപദേശം വാങ്ങിവേണം ഉത്തരവിറക്കാൻ എന്ന് വ്യക്തമാക്കിയിട്ടുളള മന്ത്രിതന്നെയാണ് ഉത്തരവിന് സമ്മർദം ചെലുത്തിയിരിക്കുന്നത്. മന്ത്രിക്ക് നിയമോപദേശം ലഭിച്ചിട്ടില്ലെന്നുളളത് ഫയലിൽ നിന്ന് വ്യക്തമാണ്.
കുട്ടമ്പുഴ വനമേഖലയിലെ കർഷകർക്ക് അവർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതി തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2019 ജൂൺ 27-ന് വനംമന്ത്രി ഒരു യോഗം വിളിക്കുകയുണ്ടായി. പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനും വനംവകുപ്പ് അന്ന് എതിരായിരുന്നില്ല. എന്നാൽ ചന്ദനം, ഈട്ടി, തേക്ക്, കരിമരം തുടങ്ങിയ രാജകീയ മരങ്ങൾ മുറിക്കാൻ സാധിക്കില്ല അത് സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാണ് എന്ന നിലപാടാണ് വനംവകുപ്പ് സ്വീകരിച്ചത്. തുടർന്ന് റവന്യൂവകുപ്പിന്റെ അഭിപ്രായം അറിയാനുളള നിർദേശം തേടിയിരുന്നു. ഇതിനിടെയാണ് റവന്യൂ മന്ത്രി മരം മുറിക്കാനുള്ള അനുമതി നൽകിയത്.