Crime
ഡോ. ഓമന എവിടെ? സുഹൃത്തിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്‌സിലാക്കിയ ആ അരുംകൊലയ്ക്ക് ഇന്ന് കാല്‍നൂറ്റാണ്ട്

കണ്ണൂർ:ഉറ്റസുഹൃത്തിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ സ്യൂട്ട് കെയ്‌സിലാക്കിയ ആ അരുംകൊലയ്ക്ക് ഇന്ന് കാല്‍നൂറ്റാണ്ട്. എന്നാല്‍ ഇപ്പോഴും പ്രതി ഡോ. ഓമന കാണാമറയത്ത് തന്നെയാണ്. കൊലയ്ക്ക് ശേഷം പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇന്റര്‍പോള്‍ തിരയുന്ന ഡോ. ഓമന എവിടെയെന്ന് യാതൊരു സൂചനയുമില്ല.
ഊട്ടി റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ പയ്യന്നൂരിലെ മുരളീധരനെ കൊലപ്പെടുത്തി കഷണങ്ങളാക്കി സ്യൂട്‌കേസില്‍ നിറച്ച് കാറില്‍ യാത്രചെയ്യവേ പൊലീസ് പിടിയിലായ പയ്യന്നൂര്‍ കരുവാച്ചേരിയിലെ ഡോ. ഓമനയാണ് ഇന്നും പൊലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുന്നത്.
1996 ജൂലായ് 11 നാണ് സംഭവം. ഡോ. ഓമനയുടെ അടുത്ത സുഹൃത്തും പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയുമായ മുരളീധരനാണ് കൊല്ലപ്പെട്ടത്. മൃതശരീരം കഷണങ്ങളാക്കി മുറിച്ച് രണ്ട് സ്യൂട്‌കേസുകളില്‍ നിറച്ചശേഷം ഉപേക്ഷിക്കാനായി കൊടൈക്കനാലിലേക്കും അവിടെനിന്ന് കന്യാകുമാരിയിയിലേക്കും യാത്രചെയ്യവെ തമിഴ്‌നാട്ടിലെ ദിണ്ടികലില്‍വെച്ചാണ് ഡോ. ഓമന പിടിയിലാവുന്നത്. വലിയ മാധ്യമ ശ്രദ്ധ കിട്ടിയ ഈ സംഭവം പിന്നീട് സ്യൂട്‌കേസ് കൊലപാതകം എന്നാണ് അറിയപ്പെട്ടത്.
പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂര്‍ ചേടമ്പത്ത് ഗോപാലന്‍ നായരുടെയും പാര്‍വതിയമ്മയുടെയും മകള്‍. കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭര്‍ത്താവ്. 1996 ജൂലായ് 11ന് സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ അന്നൂരിലെ കെ.എം. മുരളീധരനൊപ്പം ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയില്‍വേ സ്‌റ്റേഷന്റെ വിശ്രമമുറിയില്‍ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജില്‍ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. അബോധാവസ്ഥയിലായ മുരളീധരനെ ലോഡ്ജിലെ മുറിയില്‍ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. കുറേ കഷ്ണങ്ങള്‍ സ്യൂട്ട് കെയ്‌സില്‍ പായ്ക്ക് ചെയ്തു.ശേഷിച്ചത് ഒരു ബാഗിലാക്കി. മുറി കഴുകി വൃത്തിയാക്കി. ടാക്‌സി വിളിച്ച് അവ ഡിക്കിയില്‍ കയറ്റി. ടാക്‌സി കാറില്‍ കൊടൈക്കനാലിലെ വനത്തില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകവെയാണ് പിടിയിലാവുന്നത്. കൊല നടക്കുമ്പോള്‍ ഓമനയ്ക്ക് പ്രായം 43. തന്റെ കുടുംബം തകര്‍ത്ത, തനിക്ക് ശല്യമായി മാറിയ മുരളീധരനെ ഞാന്‍ കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.
കേസില്‍ പിടിയിലായ ഡോ. ഓമന 2001 ജനുവരി 21ന് ജാമ്യത്തില്‍ ഇറങ്ങിയശേഷം മുങ്ങി. പിന്നെ ഒരു വിവരവുമില്ല. മുരളീധരന് ഓമനയുമായുള്ള അടുപ്പവും പിന്നീടുള്ള അകല്‍ച്ചയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്റര്‍പോള്‍ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിയാണ് ഓമന. കൊലയ്ക്ക് മുന്‍പ് മുരളീധരന്റെ ശരീരത്തില്‍ വിഷം കുത്തിവെച്ചിരുന്നു. രക്തം കട്ടപിടിക്കുന്നതിനുള്ള മരുന്നുകൂടി കുത്തിവെച്ചു. അതിന് ശേഷമാണ് ശരീരം കഷണങ്ങളാക്കി മുറിക്കുന്നത്. പ്രത്യേക സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചായിരുന്നു ശരീരം മുറിച്ചത്. ശരീരാവശിഷ്ടങ്ങള്‍ നിറച്ച സ്യൂട്‌കേസുമായി കൊടൈക്കനാലിലേക്കാണ് ആദ്യം കാറില്‍ പോയത്.
കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കെയ്‌സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ടാക്‌സി ഡ്രൈവര്‍ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിച്ചു. 2001 ജാമ്യത്തിലിറങ്ങിയ ഓമന പിന്നീട് മുങ്ങുകയായിരുന്നു.
മലേഷ്യയിലായിരുന്ന ഡോ. ഓമന കൊലപാതകത്തിന് ഒരാഴ്ച മുന്‍പാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്തുള്ള മുരളീധരനെ ഫോണില്‍ വിളിച്ചുവരുത്തി ഒരുമിച്ച് ഊട്ടിയിലേക്ക് പോവുകയായിരുന്നു. ഭര്‍ത്താവില്‍നിന്ന് നേരത്തെ വിവാഹമോചനം നേടിയിരുന്നു. അവര്‍ ഇപ്പോഴും മലേഷ്യയില്‍ത്തന്നെ ഉണ്ടാവുമെന്ന് കരുതുന്നവരുമുണ്ട്.
മലേഷ്യയിലെ ക്വാലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളില്‍ ഓമന ഒളിവില്‍ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ചെല്‍സ്റ്റിന്‍ മേബല്‍, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിന്‍, അബ്ദുള്ള സാറ എന്നിങ്ങനെ പല പേരുകളിലായിരുന്നു തങ്ങിയിരുന്നത്.
മൂന്ന് വര്‍ഷം മുമ്പ് ഡോ. ഓമനയോടു സാമ്യമുള്ള സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാല്‍ ജായസെലേങ്കോലില്‍ കണ്ടെത്തി. കെട്ടിടത്തില്‍നിന്നു വീണുമരിച്ച നിലയിലായിരുന്നു. മരിച്ചത് തിരുവനന്തപുരം വലിയതുറ സ്വദേശിനിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.