KERALA
കാർ സ്റ്റാർട്ടാക്കുന്നതിനിടെ നിയന്ത്രണം വിട്ട് രണ്ട് കുട്ടികൾ കിണറ്റിൽ വീണു

കോട്ടയം: പൊൻകുന്നത്ത് വീട്ടുമുറ്റത്ത് ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ടാക്കുന്നതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ കിണറിന്റെ ഭിത്തിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ കിണറ്റിൽ വീണു. കാർ കിണറിന്റെ ഭിത്തി തകർത്താണ് ഇടിച്ചുനിന്നത്. തുടർന്ന് കിണറിന്റെ മുകളിലിട്ട ഗ്രില്ലിൽ ഇരിക്കുകയായിരുന്ന രണ്ടുകുട്ടികൾ കിണറ്റിലേക്ക് വീഴുകയായിരുന്നു. കുട്ടികൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീറിന്റെ കുടുംബവീട്ടിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വീട്ടുമുറ്റത്തെ ഷെഡിൽ നിന്ന് കാർ പുറത്തേക്കിറക്കവേ അബദ്ധത്തിൽ അമിതവേഗത്തിൽ നീങ്ങുകയായിരുന്നു. ഭിത്തി തകർത്ത കാർ കിണറിന്റെ വക്കിൽ തങ്ങി നിന്നു. ഈ സമയം ഷബീറിന്റെ മകൾ ഷിഫാന (14), ഷബീറിന്റെ അനിയൻ സത്താറിന്റെ മകൻ മുഫസിൻ (നാലര) എന്നിവർ കിണറിന്റെ ഭിത്തിയിൽ ഇരിക്കുകയായിരുന്നു. ഇവർ കിണറിലേക്ക് വീഴുകയായിരുന്നു.
അപകടസമയത്ത് 32 അടി ആഴമുള്ള കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. കാറിന്റെ വലതുവശത്തെ മുൻചക്രം കിണറിന്റെ നടുവിലായി താഴേക്ക് പതിക്കാതെ തട്ടി നിന്നതോടെ വലിയ അപകടം ഒഴിവായി. ശബ്ദം കേട്ട് ഓടിയെത്തിയ മുഹമ്മദ് ഷബീറിന്റെ ജ്യേഷ്ഠനും കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് പള്ളിയിലെ ഇമാമുമായ ഇജെ സക്കീർ ഹുസൈൻ മൗലവി കിണറ്റിലേക്ക് ഇറങ്ങി കുട്ടികളെ വെള്ളത്തിൽ നിന്ന് ഉയർത്തി നിർത്തി. ഇതിനിടെ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ഷബീർ ഇടതുവശത്തെ വാതിലിലൂടെ സുരക്ഷിതമായി പുറത്തിറങ്ങി.
കസേര കെട്ടിയിറക്കിയാണ് ഷിഫാനയെ കരയിലെത്തിച്ചത്. സക്കീർ ഹുസൈനെയും മുഫസിനെയും കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂനിറ്റ് വലയിൽ കയറ്റിയാണ് കരയിലെത്തിച്ചത്. കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി .