Crime
ടി പി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത് .ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്ന് കെ.കെ രമ

കോഴിക്കോട് : ടി പി ചന്ദ്രശേഖരന്റെ മകനെ വധിക്കുമെന്ന് ഭീഷണിക്കത്ത്. ടിപിയുടെ മകന്‍ അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെയും കൊല്ലുമെന്നാണ് കത്തില്‍ പറയുന്നത്. കെ കെ രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തിലാണ് കത്തു കിട്ടിയത്. പി ജെ ബോയ്‌സ് എന്ന പേരിലാണ് ഭീഷണിക്കത്ത്.
ഇതേത്തുടര്‍ന്ന് എന്‍ വേണു വടകര എസ്പിക്ക് പരാതി നല്‍കി. ടിപി ചന്ദ്രശേഖരനെ 51 വെട്ടു വെട്ടിയാണ് കൊലപ്പെടുത്തിയതെങ്കില്‍ മകനെ നൂറു വെട്ടിന് തീര്‍ക്കുമെന്ന് കത്തില്‍ പറയുന്നു. മുമ്പ് പഞ്ചായത്തു പ്രസിഡന്റിനെ വെട്ടിയതു പോലെയായിരിക്കില്ല ക്വട്ടേഷനെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
ചാനല്‍ ചര്‍ച്ചയില്‍ എ എന്‍ ഷംസീറിനെതിരെ ഒന്നും പറയരുതെന്നും, ഷംസീര്‍ പങ്കെടുക്കുന്ന ചര്‍ച്ചയില്‍ ആര്‍എംപി നേതാക്കള്‍ പങ്കെടുക്കരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് നല്‍കിയിട്ടും കേള്‍ക്കാത്തതാണ് ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ കാരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനും തന്റെ മകനുമെതിരെ വന്ന ഭീഷണിക്കത്തിന് പിന്നിൽ സി.പി.എം ആണെന്ന് കെ.കെ രമ എം.എൽ.എ പ്രതികരിച്ചു.. സി.പി.എമ്മിന്റെ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേയും ഗുണ്ടാപ്രവർത്തനത്തിനെതിരേയും നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുന്നത് അവരെ അസ്വസ്ഥമാക്കുന്നുണ്ട്. ഓല പീപ്പി കാണിച്ച് പേടിപ്പിക്കേണ്ടെന്നും സി.പി.എമ്മിന്റെ ഗുണ്ടാ ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും കെ.കെ രമ വടകരയിൽ പറഞ്ഞു.
തന്റെ മകനെ കത്തിൽ പരാമർശിക്കുന്നത് തന്നെ ഉദ്ദേശിച്ചാണ്. മകൻ രാഷ്ട്രീയത്തിലൊന്നും സജീവമല്ലാത്ത ആളാണ്. ഇത്തരം ഭീഷണിക്കത്തുകൾ മുൻപും നിരന്തരം വന്നിട്ടുണ്ട്, പരാതി കൊടുത്തിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും രമ ചൂണ്ടിക്കാട്ടി.